ജമാഅത്തെ ഇസ്‍ലാമിയോടുള്ള കോണ്‍ഗ്രസിന്‍റെ സമീപനം എന്തെന്ന് പ്രിയങ്ക വ്യക്തമാക്കണം -എം.വി. ഗോവിന്ദന്‍
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‍ലാമിയോടുള്ള കോണ്‍ഗ്രസിന്‍റെ സമീപനം എന്താണെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കുമ്പോൾ, നിലമ്പൂരിൽ വർഗീയ ശക്തിയെ കൂട്ടുപിടിക്കുകയാണ്. വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനു വരുമ്പോൾ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ജമാഅത്തെ ഇസ്‍ലാമിയുമായുള്ള കൂട്ടുകെട്ടിൽ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വലിയ വിമർശനമാണ് നേരിടുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്‍റെ ദേശീയ നേതാക്കൾ വർഗീയ വാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരികയാണ്. പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് മണ്ഡലത്തിൽ വരികയാണെന്ന് അറിഞ്ഞു. അഖിലേന്ത്യാ നേതാവു കൂടിയായ എം.പി, വർഗീയ ശക്തിയായ ജമാഅത്തെ ഇസ്‍ലാമിയുമായുള്ള കോൺഗ്രസിന്‍റെ കൂട്ടുകെട്ടിൽ നിലപാട് വ്യക്തമാക്കണം” -എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം സി.പി.എമ്മിന്‍റേത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മുമ്പ് എൽ.ഡി.എഫിനെ പിന്തുണക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്‍ലാമി സ്വീകരിച്ചിരുന്നത്. അന്ന് വർഗീയത കാർഡ് ഇറക്കിയിരുന്നില്ല. ഇപ്പോൾ കോൺഗ്രസിന് പിന്തുണ നൽകുമ്പോൾ അനാവശ്യ വിവാദമുയർത്തുകയാണെന്നും നേതാക്കൾ പറയുന്നു.
1996മുതൽ ഇടതുപക്ഷത്തിനാണ് ജമാഅത്ത് വോട്ടുചെയ്തതെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാണിച്ചു. ബാബരി മസ്ജിദ് തകർച്ചയെ തുടർന്ന് കോൺഗ്രസ് സർക്കാർ ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്‍ലാമിയെയും നിരോധിച്ചതാണ് അതിന്റെ കാരണം. ആ പേരിൽ ‘96 മുതൽ 2016 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും അവർ എൽ.ഡി.എഫിന്റെ കൂടെനിന്നു. 2019 മുതലാണ് അവർ യു.ഡി.എഫിനെ പിന്തുണക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

