ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ ദുരവസ്ഥ; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി
text_fieldsകൽപറ്റ: ചൂരൽമലയിലെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന് നൽകിയ വായ്പ ഗ്രാന്റായി മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയങ്ക ഗാന്ധി എം.പി വീണ്ടും കത്തയച്ചു. ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വയനാടിന് കേന്ദ്ര സഹായങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ എം.പിമാരും ഒന്നിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ 2024 ഡിസംബറിൽ നേരിൽ കണ്ടിരുന്നു. തുടർന്ന് ചൂരൽമല ദുരന്തത്തിന് ആറ് മാസത്തിനു ശേഷം പുനരധിവാസത്തിന് വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു ആരോപിച്ച് 2025 ഫെബ്രുവരിയിൽ പ്രിയങ്ക ഗാന്ധി എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
കൃഷിയും വ്യാപാരവും ടൂറിസം പ്രവർത്തനങ്ങളുമായി ഉപജീവനം നടത്തിയിരുന്ന ജീപ്പ്, ഓട്ടോറിക്ഷ ഡ്രൈവർമാരും ചെറുകിട വ്യാപരികളും ഹോം സ്റ്റേ നടത്തിയിരുന്നവരുടെയുമെല്ലാം വരുമാനം നിലച്ച സാഹചര്യത്തിൽ അവരുടെ വായ്പകൾ എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒക്ടോബർ ഏഴിന് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു.
വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട് നിർദേശിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2025 മാർച്ചിൽ ദുരന്ത നിവാരണ നിയമത്തിൽ പതിമൂന്നാം വകുപ്പ് ഭേദഗതി ചെയ്തതോടെ വായ്പ എഴുതി തള്ളാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ കോടതിയിൽ നിലപാട് എടുത്തിരുന്നെങ്കിലും പിന്നീട് ആർട്ടിക്കിൾ 73 പ്രകാരം കേന്ദ്ര സർക്കാറിന് വായ്പ ഇളവ് അനുവദിക്കുന്നതിൽ തടസ്സമില്ലെന്ന് ദുരന്തബാധിതരുടെ ഹരജി പരിഗണിക്കവെ ഹൈകോടതി നിരീക്ഷിച്ചിരുന്നു. വായ്പ എഴുതി തള്ളുന്നതിനായി നിരന്തരമായ ഇടപെടലുകൾ നടത്തിയിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധി വീണ്ടും പ്രധാനമന്ത്രിക്ക് പുതിയ കത്ത് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

