'പിണറായി വിജയൻ മോദിയുടെ ബി ടീം'; കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
text_fieldsതിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും കടുത്ത വിമർശനങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മോദി സർക്കാരിന് കഴിയുന്നില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നിൽ പ്രധാനമന്ത്രി തലകുനിക്കുകയാണെന്നും രാജ്യത്തിന്റെ ഊർജ്ജസുരക്ഷ അടിയറവ് വെച്ചുവെന്നും അവർ പറഞ്ഞു. 'എപ്‌സ്റ്റീൻ ഫയൽസിൽ' പേരുള്ളതിനാലാണ് പ്രധാനമന്ത്രി ഭയപ്പെടുന്നതെന്നും നട്ടെല്ലില്ലാത്ത ഭീരുവായ പ്രധാനമന്ത്രിയുടെ നിലപാടുകൾ കാരണം ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും പ്രിയങ്ക പരിഹസിച്ചു.
കേരളത്തിലെ ഇടതുപക്ഷ നേതാക്കൾക്ക് കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നത്. പല അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടും ഒരു കേന്ദ്ര ഏജൻസി പോലും അവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാത്തത് ഈ ഒത്തുകളിയുടെ തെളിവാണെന്ന് അവർ ആരോപിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച നടന്നപ്പോള്‍ ഒരു വാക്കു പോലും പറയാന്‍ പ്രധാനമന്ത്രി തയാറായില്ലെന്നും പ്രിയങ്ക പറഞ്ഞു.
ആരോഗ്യമേഖല തകർന്നുവെന്നും യുവാക്കൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണെന്നും പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്നും സർക്കാർ ജനങ്ങളെ സഹായിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ 3000 രൂപ ക്ഷേമപെൻഷനും കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും നൽകുമെന്ന് പ്രിയങ്കയും ഉറപ്പുനൽകി.
വയനാട് എം.പി എന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി കേരളവുമായുള്ള ബന്ധം തന്നെ ഏറെ സ്വാധീനിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തെ ഏറെ സ്‌നേഹിക്കുന്നുവെന്ന് വയനാട്ടില്‍ എം.പിയായിരുന്നപ്പോള്‍ രാഹുല്‍ പറയുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് അന്നെനിക്കു മനസിലായില്ല. എന്നാൽ ഇപ്പോൾ എനിക്കത് ബോധ്യമായി. കേരളത്തിന്റെ നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ യഥാർത്ഥ ചൈതന്യം. മലയാളികളുടെ സേവനസന്നദ്ധതയെ കുറിച്ച് പരാമർശിക്കവെ, തന്റെ അമ്മയെ പരിചരിച്ച മലയാളി നഴ്‌സിനെക്കുറിച്ചും ജോലി തേടി ഡൽഹിയിലേക്ക് കുടിയേറേണ്ടി വരുന്ന കേരളത്തിലെ മിടുക്കരായ ഉദ്യോഗാർത്ഥികളുടെ അവസ്ഥയെക്കുറിച്ചും അവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

