കടുവയുടെ ആക്രമണം: പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിലെത്തി
text_fieldsകടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച പ്രിയങ്ക ഗാന്ധി എം.പി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു.
കെ.സി.വേണുഗോപാൽ
എം.പി, ടി.സിദ്ദീഖ്
എം.എൽ.എ എന്നിവർ സമീപം
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് പ്രിയങ്ക ഗാന്ധി എം.പി സന്ദർശിച്ചു. ചൊവാഴ്ച ഉച്ചക്ക് രാധയുടെ വീട്ടിലെത്തിയ അവർ അരമണിക്കൂറോളം കുടുംബത്തിന്റെ കൂടെ ചെലവഴിച്ച ശേഷം വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക യോഗത്തെ അറിയിച്ചു.
വന്യജീവി ആക്രമണം തടയുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യോഗത്തിനുശേഷം കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയോര സമര യാത്രക്ക് മേപ്പാടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ശേഷം പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് തിരിച്ചു.
അതേസമയം, വയനാട്ടിലെത്തിയ പ്രിയങ്കഗാന്ധി എം.പിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാട്ടി സി.പി.എം പ്രതിഷേധം. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലേക്ക് മട്ടന്നൂർ വിമാനത്താവളത്തിൽനിന്നു റോഡുമാർഗം വരുന്നതിനിടെയാണ് കണിയാരത്തുവെച്ച് കരിങ്കൊടി കാട്ടിയത്. വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ വിഷയം പാർലമെന്റിൽ ഉന്നയിക്കുക, വയനാടിനെ അവഗണിക്കുന്ന എം.പിയുടെ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ചവരെ പൊലീസ് പിടിച്ചുമാറ്റിയാണ് പ്രിയങ്കയുടെ വാഹന വ്യൂഹത്തിന് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

