പ്രിയദർശിനി യാത്ര സ്ത്രീകൾക്ക് അർഹതപ്പെട്ടത്; സി.പി. ജോണിനെ തള്ളി മന്ത്രി കെ. മുരളീധരൻ
text_fieldsപത്തനാപുരം: പ്രിയദർശിനി സൗജന്യയാത്ര സ്ത്രീകൾക്ക് അർഹതപ്പെട്ടത് തന്നെയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മന്ത്രി സി.പി. ജോണിന്റെ പരാമർശത്തോട് പത്തനാപുരത്ത് പ്രതികരിക്കുകയായിരുന്നു അദേഹം.
സൗജന്യ യാത്ര യു.ഡി.എഫ് നയമാണ്. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം സർക്കാർ നടപ്പാക്കി. അത് സ്ത്രീകൾക്ക് അവകാശപ്പെട്ടതും അർഹതപ്പെട്ടതുമാണ്. സർക്കാർ ആശുപത്രികളിലും സ്ത്രീകൾ വരാന്തയിൽ കിടന്ന് തള്ളുകയാണെന്ന സി.പി. ജോണിന്റെ പ്രസ്താവനയെ കെ. മുരളീധരൻ പുച്ഛിച്ചുതള്ളി. ആരോഗ്യ വകുപ്പ് മന്ത്രി താനാണെന്നും സർക്കാർ ആശുപത്രികളിൽ ആരും തള്ളുന്നില്ലെന്നും മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങൾ സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’യിൽ സൗജന്യയാത്ര നടത്താൻ ആളുകൾ ഇടിച്ചുകയറുന്നുവെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി. ജോൺ രംഗത്തുവന്നിരുന്നു. ഇവിടുത്തെ തൊഴിലാളി വർഗത്തിന്റെ ആഗ്രഹം മനസ്സിലാക്കുന്നതിൽ താൻ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു എന്ന സ്വയം വിമർശനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അത് വ്യഖ്യാനിക്കാനുള്ള അവകാശം ആർക്കുമുണ്ടെന്നും വ്യാഖ്യാനിച്ച് വിവാദമാക്കിയാലും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പണക്കാർ പാവങ്ങളായി അഭിനയിക്കുന്നുവെന്നും പ്രിയദർശിനി ബസുകളിലേക്ക് ആളുകൾ ഇടിച്ചു കയറുന്നു എന്നുമുള്ള പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഇപ്പോഴും എൻറെ മനസ്സിലുള്ളത് പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്ന് മേഖലയും മെച്ചപ്പെടുത്തുന്നതിലേക്ക് കേരളം ഉണരണം എന്നാണ്. വിവാദമാക്കേണ്ടവർക്കാക്കാം, യാതൊരു പരാതിയും ഇല്ല.
അഞ്ച് ലക്ഷം പേരാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയിൽ അധികം യാത്ര ചെയ്യുന്നത്. അത്രയും പേർ യാത്ര ചെയ്യാൻ പൈസ ഇല്ലാത്തതു കൊണ്ടല്ലേ ഇതുവരെ യാത്ര ചെയ്യാതിരുന്നത്. ഞങ്ങൾക്ക് അവരോട് അങ്ങേയറ്റത്തെ കൂറും കടപ്പാടും ആണുള്ളത്. ഇനി അവരെ എങ്ങനെ സഹായിക്കാൻ പറ്റും എന്നാണ് നമ്മൾ നോക്കുന്നത്. സ്ത്രീകളാണ് ഇപ്പോൾ നമ്മുടെ കണ്ണ് തുറപ്പിച്ചത്. അവർ പറഞ്ഞ സ്റ്റേറ്റ്മെന്റുകളൊക്കെ കരളലിയിപ്പിക്കുന്നതാണ്. അതിനെയാണ് താൻ അഭിനന്ദിക്കുകയും സ്വയം വിമർശനം നടത്തുകയും ചെയ്തത്. ആരെങ്കിലും വിവാദം ഉണ്ടാക്കിയതിനോട് വിരോധമില്ല, പക്ഷെ ഒരു വാക്ക് എന്നോട് ചോദിച്ചിട്ട് പറയാമായിരുന്നു എന്ന് മാത്രമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

