പ്രിയ വർഗീസിന്റെ നിയമനത്തിൽ കണ്ണൂർ സർവകലാശാലക്കു വേണ്ടി രണ്ട് അഭിഭാഷകർ സുപ്രീംകോടതിയിൽ; കേസ് 22 ലേക്ക് മാറ്റി
text_fieldsപ്രിയ വർഗീസ്
ന്യൂഡൽഹി: കണ്ണൂർ സർവകലാശാല അസോസിയറ്റ് പ്രഫസറായ പ്രിയ വർഗീസിന്റെ നിയമനം ചോദ്യംചെയ്തു കൊണ്ടുള്ള യു.ജി.സിയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്റ്റംബർ 22 ലേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന് സർവകലാശാലയുടെ പുതിയ അഭിഭാഷകൻ പി.എസ്. സുൽഫീക്കറും പ്രിയാ വർഗീസിന്റെ അഭിഭാഷകൻ കെ. പരമേശ്വരനും കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
കേസ് പരിഗണിച്ച സമയത്ത് യു.ജി.സിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും കോടതിയിൽ ഹാജരായിരുന്നു. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് വിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് പത്താമത്തെ കേസായാണ് ഇത് പരിഗണിച്ചത്. താൻ മറ്റൊരു കോടതിയിൽ മറ്റൊരു കേസ് വാദിക്കുകയാണെന്നും അതിനാൽ ഇന്ന് കേസ് വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്നും പ്രിയാ വർഗീസിന്റെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, സർവകലാശാലയുടെ പുതിയ അഭിഭാഷകനായ സുൽഫീക്കറും മുൻ അഭിഭാഷകനായ കെ.ആർ. സുഭാഷ് ചന്ദ്രനും ഒരേസമയം കോടതിയിൽ ഹാജരായി. ഈ കേസിലെ സത്യവാങ്മൂലവും എതിർ സത്യവാങ്മൂലവും ഉൾപ്പെടെയുള്ള മുഴുവൻ പ്ലീഡിങ്സും താൻ ഫയൽചെയ്തു കഴിഞ്ഞതാണെന്ന് സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു.
എന്നാൽ, വക്കാലത്ത് മാറി താനാണ് പുതിയ അഭിഭാഷകനെന്നും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും സുൽഫീക്കർ ആവശ്യപ്പെടുകയായിരുന്നു. പ്രധാന അഭിഭാഷകർ കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ ജസ്റ്റിസ് മനോജ് മിശ്ര കേസ് 22ലേക്ക് മാറ്റി.
സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വർഗീസ്. സി.പി.എം സഹയാത്രികനായ അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രനെ മാറ്റിയാണ് കണ്ണൂർ സർവകലാശാല കഴിഞ്ഞദിവസം, കോൺഗ്രസ് നോമിനിയായ സ്റ്റാൻഡിങ് കോൺസൽ അഡ്വ. പി.എസ്. സുൽഫീക്കറിനെ നിയമിച്ചത്.
ഇതോടെ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച കേരള ഹൈകോടതി വിധി തങ്ങളുടെ ചട്ടങ്ങൾക്കെതിരാണെന്ന യു.ജി.സി നിലപാടിനെ കണ്ണൂർ സർവകലാശാല പിന്തുണക്കും. നേരത്തെ പ്രിയ വർഗീസിന് അനുകൂലമായിരുന്ന സംസ്ഥാന സർക്കാറും സർവകലാശാലയും യു.ജി.സിക്കൊപ്പം ചേരുന്നതോടെ അപ്പീലിൽ എതിർകക്ഷിയായി അവർ മാത്രമായി മാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

