പിടിവാശി ഉപേക്ഷിച്ചു; മില്ലുടമകൾ നെല്ല് സംഭരണത്തിന് തയാർ
text_fieldsപാലക്കാട്: നെല്ല് സംഭരണത്തിൽ സഹകരണ സംഘങ്ങൾക്ക് അവസരം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് പിന്നാലെ സപ്ലൈകോയുമായി കരാറിന് സന്നദ്ധതയറിയിച്ച് സ്വകാര്യ മില്ലുടമകൾ.
ഭക്ഷ്യമന്ത്രി ജി.എൻ. അനിൽ എറണാകുളത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് പ്രമുഖരുൾപ്പെടെ 33 ഓളം മില്ലുടമകൾ സമ്മതം അറിയിച്ചത്. ഔട്ട് ടേൺ റേഷ്യോ 66.5 കിലോ എന്ന സർക്കാർ നിർദേശം മില്ലുടമകൾ അംഗീകരിച്ചു. ഒപ്പം ഔട്ട് ടേൺ റേഷ്യോയിലെ വ്യത്യാസത്തിൽ മില്ലുടമകൾക്ക് ലഭിക്കാനുളള കുടിശ്ശിക 64 കോടി രൂപ അനുവദിക്കണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു.
ഇവ സമ്മതിച്ചതോടെ സംഭരണത്തിന് മില്ലുടമകൾ സമ്മതം അറിയിക്കുകയായിരുന്നു. ഈ തീരുമാനം ഒക്ടോബറിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അംഗീകരിക്കാതിരുന്ന മില്ലുടമകൾ നെല്ല് സംഭരണത്തിൽ സഹകരണ സംഘങ്ങളെ കൊണ്ടുവരാനുള്ള തീരുമാനം വന്നതോടെ പിടിവാശി ഉപേക്ഷിക്കുകയായിരുന്നെന്നാണറിയുന്നത്.
മില്ലുകളുടെ നിലനിൽപിന് പാലക്കാടൻ നെല്ല് അനിവാര്യം
സംസ്ഥാനത്ത് കൂടുതലും ഗുണമേൻമയുള്ളതുമായ നെല്ല് ഉൽപാദിക്കുന്നത് പാലക്കാട് ജില്ലയിലാണ്. അതിനാൽ സംസ്ഥാനത്ത് സപ്ലൈകോക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകൾ പാലക്കാടൻ നെല്ലിനാണ് പ്രാധാന്യം കൊടുക്കുന്നത്.
കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും അനുകൂലമാണങ്കിൽ ഒന്നാം വിള ശരാശരി 35,000 ഹെക്ടറിലും, രണ്ടാം വിള 42,000 ഹെക്ടറിലും കൃഷയിറക്കും. രണ്ടും സീസണിലുമായി നാല് ലക്ഷത്തോളം ടൺ നെല്ല് ജില്ലയിൽ നിന്ന് ഉൽപാദിപ്പിക്കുന്നുണ്ട്. ഇവയുടെ 75 ശതമാനം നെല്ലും സപ്ലൈകോയാണ് സംഭരിക്കുന്നത്. പാലക്കാടൻ നെല്ലിന് വിപണിയിൽ ആവശ്യക്കാരേറെയാണ്. കൂടുതൽ ഗുണമേൻമയും പതിര് കുറവുള്ളതുമാണ് കാരണം.
മാത്രമല്ല, മില്ലുകൾക്ക് സപ്ലൈകോയുടെ മാനദണ്ഡങ്ങൾക്ക് അനുകൂലമായി നെല്ല് ലഭിക്കുന്നത് പാലക്കാടൻ െനല്ലിൽ നിന്നാണ്. അതിനാലാണ് 2017 ൽ താങ്ങുവിലയും മറികടന്ന് കിലോക്ക് 26 രൂപ വരെ നൽകി സ്വകാര്യമില്ലുടമകൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിച്ചത്.
ഈ സീസണിലെ ഒന്നാം വിളക്കും താങ്ങുവില 30 രൂപയും മറികടന്ന് 32 രൂപ നൽകി കർഷകരിൽ നിന്ന് മില്ലുടമകൾ മട്ടനെല്ല് നേരിട്ട് സംഭരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

