സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന് ഇനി ‘വിവിഡ് പിങ്ക്’
text_fieldsതിരുവനന്തപുരം: ബസുടമകളുടെ ആവശ്യത്തെ തുടർന്ന് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറി സർവിസുകളുടെ (എൽ.എസ്.ഒ.എസ്) നിറത്തിൽ വീണ്ടും മാറ്റം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) യോഗമാണ് മെറൂണിനുപകരം പിങ്കിന് സമാനമായ വിവിഡ് പിങ്ക് അനുവദിച്ചത്. മെറൂൺ രാത്രി തിരിച്ചറിയാനാകുന്നില്ലെന്നായിരുന്നു ഉടമകളുടെ ആക്ഷേപം. കേരള ബസ് ഒാപറേറ്റേഴ്സ് ഫോറം പരാതിയും നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി.
പുതിയ കളർ കോഡ് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽവരും. ഇൗ കാലയളവ് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനെത്തുന്ന ബസുകൾക്ക് വിവിഡ് പിങ്ക് നിർബന്ധമായിരിക്കും. ‘ലിമിറ്റഡ് സ്റ്റോപ്’ എന്ന ബോർഡ് വെക്കരുതെന്ന മുൻ തീരുമാനത്തിനും മാറ്റമില്ല.
സ്വകാര്യബസുകൾക്ക് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർവിസുകൾക്ക് നീലയും സിറ്റി സർവിസുകൾക്ക് പച്ചയും ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് മെറൂണുമാണ് അനുവദിച്ചത്. പുതിയ തീരുമാനത്തോടെ അൽപകാലത്തേക്ക് രണ്ട് നിറത്തിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് നിരത്തിലുണ്ടാകും.
സ്വകാര്യബസുകളുടെ അമിതനിറവും നിയന്ത്രണമില്ലാത്ത ഗ്രാഫിക് പരീക്ഷണങ്ങളും അപകടങ്ങൾക്കിടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ഏകീകൃത നിറം ഏർപ്പെടുത്താൻ മോേട്ടാർ വാഹനവകുപ്പ് തീരുമാനിച്ചത്. കളർകോഡ് വരുന്നതോടെ അപകടങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
