സ്വകാര്യ ഹജ്ജ് ക്വോട്ട: 280 ഗ്രൂപ്പുകൾ പുറത്ത്, കേരളത്തിൽനിന്ന് പുറത്തായത് 30 ഗ്രൂപ്പുകൾ
text_fieldsന്യൂഡൽഹി: ഈ വർഷത്തെ സ്വകാര്യ ഹജ്ജ് ക്വോട്ടയിൽ 171 സ്വകാര്യ ഗ്രൂപ്പുകൾ ഒന്നാം കാറ്റഗറിയിലും 340 ഗ്രൂപ്പുകൾ രണ്ടാം കാറ്റഗറിയിലും തെരഞ്ഞെടുക്കപ്പെട്ടു. 100 സീറ്റുകളുള്ള ഒന്നാം കാറ്റഗറിയിൽ 244ഉം ചുരുങ്ങിയത് 50 സീറ്റുകളുള്ള രണ്ടാം കാറ്റഗറിയിൽ 544ഉം അപേക്ഷകരാണുള്ളത്. അപേക്ഷിച്ച 810 ഗ്രൂപ്പുകളിൽ 280 ഗ്രൂപ്പുകൾ സൂക്ഷ്മ പരിശോധനയിൽ പുറത്തായെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 30 ഗ്രൂപ്പുകൾ കേരളത്തിൽനിന്നാണ്. തെരഞ്ഞെടുക്കപ്പെട്ടവരുടെയും പുറത്തായവരുടെയും പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുറത്തായവർക്കുള്ള പരാതി ഈ മാസം എട്ടിന് വൈകീട്ട് അഞ്ചിനകം ഇ-മെയിൽ വഴി മന്ത്രാലയത്തിന്റെ ഹജ്ജ് ഡിവിഷന് നൽകാം.
ഗോ ഫസ്റ്റ് പ്രതിസന്ധി: ഹജ്ജ് സർവിസിനെയും ബാധിച്ചേക്കും
കരിപ്പൂർ: വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് പ്രതിസന്ധി ഹജ്ജ് സർവിസിനെയും ബാധിച്ചേക്കുമെന്ന ആശങ്ക. ഈ വർഷം ഇന്ത്യയിൽ പത്ത് പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്ന് ഹജ്ജ് സർവിസിന് ടെൻഡർ ലഭിച്ചിരിക്കുന്നത് ഗോ ഫസ്റ്റിനാണ്.
പത്തിടങ്ങളിൽ നിന്നായി 43,400 തീർഥാടകരെയാണ് ഗോ ഫസ്റ്റ് കൊണ്ടുപോകേണ്ടത്. നാഗ്പൂർ, ഇൻഡോർ, ഭോപാൽ, അഹമ്മദാബാദ്, ശ്രീനഗർ, റാഞ്ചി, ഗുവാഹത്തി, വിജയവാഡ, ഔറംഗബാദ്, ഗയ എന്നിവിടങ്ങളിൽ നിന്നാണ് ഇവർക്ക് ടെൻഡർ ലഭിച്ചത്. കൂടുതൽ പേരെ കൊണ്ടുപോകേണ്ടത് ശ്രീനഗറിൽ നിന്നാണ്-11,291 പേർ. അഹമ്മദാബാദിൽനിന്ന് 8,743 പേരെയും ഗുവാഹത്തിയിൽനിന്ന് 6,026 പേരെയും കൊണ്ടുപോകണം. ഗോ ഫസ്റ്റിന് ഉൾപ്പെടെ എയർഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവർക്ക് ഹജ്ജിന് ഇത്തവണ ആദ്യമായാണ് അവസരം ലഭിച്ചത്. വിമാനടിക്കറ്റ് നിരക്ക് നിശ്ചയിച്ച് അവസരം ലഭിച്ചവരിൽനിന്ന് അവസാന ഗഡു ഈടാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് എത്തിയ ഘട്ടത്തിലാണ് ഗോ ഫസ്റ്റ് സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുകയും കമ്പനി ദേശീയകമ്പനി നിയമ തർക്കപരിഹാര കോടതിയെ സമീപിക്കുകയും ചെയ്തത്. നിലവിൽ കമ്പനി ഒമ്പതുവരെ ബുക്കിങ് നിർത്തിയെന്നാണ് അറിയിച്ചത്. എന്നാൽ, വെബ്സൈറ്റിൽ 20ന് ശേഷം മാത്രമാണ് ബുക്കിങ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

