സ്വകാര്യ-വിദേശ സർവകലാശാലകൾ: സാമൂഹ്യ നീതി ഉറപ്പാക്കിയ ശേഷം മാത്രം നടപ്പിലാക്കുക- ഫ്രറ്റേണിറ്റി മൂവ്മെന്റ്
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ - വിദേശ സർവകലാശാലകൾ ആരംഭിക്കുന്നതിന് ബജറ്റ് വിഹിതം ഉൾപ്പെടെ അനുവദിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണ ശ്രമങ്ങൾ ശക്തമായ നിയമനിർമാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ്.
കാലോചിതമായ മാറ്റങ്ങളും പരിഷ്കാരങ്ങളും മറ്റേത് മേഖലയിലും എന്ന പോലെ വിദ്യാഭ്യാസ മേഖലയിലും നടപ്പിൽ വരുത്തേണ്ടത് തന്നെയാണ്. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തോടൊപ്പം അതിന്റെ നീതി പൂർവകമായ ലഭ്യതയാണ് വളരെ പ്രധാനം. സമൂഹത്തിലെ പിന്നാക്ക പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ സാമൂഹ്യനീതി ഉറപ്പ് വരുത്തികൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ നടപ്പിലാക്കേണ്ടതെന്ന് ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടി.
നിലവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വ്യത്യസ്ത രീതിയിൽ പിന്നോക്ക ജനവിഭാഗങ്ങളെ പുറന്തള്ളാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. നീറ്റ് പോലെ അഡ്മിഷൻ പ്രക്രിയ ഏകീകരിച്ചും ഫീസുകൾ കുത്തനെ വർധിപ്പിക്കുകയും വഴി പിന്നോക്ക വിദ്യാർഥികൾ പുറന്തളപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. കൃത്യമായ നിയമ നിർമാണം നടത്താതെയുള്ള ഏതൊരു നീക്കവും സാമൂഹികമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ സർവ്വകലാശാലകളുടെ നടത്തിപ്പിൽ സർക്കാരിനുള്ള അധികാരവും ബന്ധവും കൃത്യപ്പെടുത്തണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.
സ്വകാര്യ - വിദേശ സർവകലാശാലകളെന്ന സംവിധാനത്തെ കച്ചവട തന്ത്രമായും അനീതി നിറഞ്ഞ ഇടങ്ങളായും നടപ്പിലാക്കാൻ അനുവദിക്കാതെ ഫീസ് സ്ട്രക്ചർ, അഡ്മിഷൻ പ്രോസസ്, അഡ്മിനിസ്ട്രേറ്റീവ് സ്ട്രക്ചർ, സിലബസ്, സംവരണ വ്യവസ്ഥ തുടങ്ങിയ ഓരോ പ്രക്രിയയിലും ബന്ധപ്പെട്ട് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, കെ.പി തഷ്‌രീഫ്, ലബീബ് കായക്കൊടി, സനൽകുമാർ, ഗോപു തോന്നക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

