വായ്പ തിരിച്ചടവ് മുടക്കിയവരുടെ വീടുകളിൽ സ്വകാര്യ ധനകാര്യസ്ഥാപന ജീവനക്കാരുടെ അതിക്രമം
text_fieldsവായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ചവറയിൽ വീടിന് മുന്നിൽ ‘സ്വകാര്യ ധനകാര്യ സ്ഥാപനത്തിെൻറ സ്വത്ത്’ എന്ന് സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതിയ നിലയിൽ
കൊല്ലം: വായ്പ തിരിച്ചടവ് മുടക്കിയവരുടെ വീടുകൾക്ക് മുന്നിൽ കറുത്ത സ്പ്രേ പെയിന്റ് കൊണ്ട് ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ച് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരുടെ ക്രൂരത. തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തിയ ജീവനക്കാർ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. ചവറയിലെ ഇടപാടുകാരാണ് പ്രാകൃത നടപടിക്കിരയായി പരാതിയുമായി രംഗത്തെത്തിയത്.
ചോളമണ്ഡലം ഫിനാൻസ് എന്ന കമ്പനിയുടെ ജീവനക്കാരാണ് അതിക്രമത്തിന് പിന്നിലെന്നാണ് ആരോപണം. എന്നാൽ, സ്ഥാപനത്തിന് ബന്ധമില്ലെന്നും കലക്ഷൻ ചുമതലയുള്ള ചില ജീവനക്കാരാണ് പ്രവൃത്തിക്ക് പിന്നിലെന്നുമാണ് മാനേജ്മെന്റിെൻറ വിശദീകരണം.
ചവറ മുക്കത്തോട് ധ്രുവം വീട്ടിൽ രാഖി, പന്മന പുത്തൻചന്ത അനുഭവനത്തിൽ പ്രഭ എന്നിവർ സംഭവത്തിൽ ചവറ പൊലീസിൽ പരാതി നൽകി. പരാതിയിൽ സ്ഥാപനത്തിലെ കലക്ഷൻ മാനേജർ സുബ്രഹ്മണ്യനെതിരെ ചവറ പൊലീസ് കേസെടുത്തു. ഒരു തവണ അടവ് മുടങ്ങുമ്പോൾ തന്നെ വീടിന് മുന്നിൽ സ്റ്റിക്കർ പതിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് തിരിച്ചടവുകൾ മുടക്കിയവരുടെ വീടുകളുടെ ചുവരുകളിൽ പോലും 'സ്ഥാപനത്തിെൻറ സ്വത്ത്' എന്ന നിലയിൽ എഴുതിപ്പിടിപ്പിച്ചു. നടപടിക്കു മുമ്പുള്ള നോട്ടീസുപോലും പലർക്കും കിട്ടിയിട്ടില്ല.
വായ്പയെടുത്തവരെ നേരിട്ടും ഫോണിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അടവ് മുടക്കിയവരോട് തൂങ്ങിച്ചാകാൻ കലക്ഷൻ ചുമതലയുള്ള ജീവനക്കാരൻ പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. അതേസമയം, ഇത്തരമൊരു നടപടി അറിഞ്ഞിട്ടില്ലെന്നാണ് സ്ഥാപന മാനേജ്മെന്റിെൻറ വിശദീകരണം. ഉപഭോക്താക്കളോട് മോശമായി പെരുമാറിയവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

