‘ഭക്തരുടെ പണം നൽകി വാങ്ങുന്ന ക്ഷേത്ര സ്വത്തിൽ സ്വകാര്യ സമിതികൾക്ക് ഉടമസ്ഥതയില്ല’
text_fieldsകൊച്ചി: ഭക്തരിൽനിന്ന് പണപ്പിരിവ് നടത്തി വാങ്ങുന്ന ക്ഷേത്രസ്വത്തിൽ ക്ഷേത്ര ക്ഷേമസമിതിയടക്കം സ്വകാര്യ സംഘടനകൾക്ക് ഉടമസ്ഥത നൽകാനാവില്ലെന്ന് ഹൈകോടതി. ഭക്തരുടെ പണംകൊണ്ടു വാങ്ങുന്ന സ്വത്തിൽ ഇത്തരം സമിതികൾക്ക് ഉടമസ്ഥത നൽകുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിരവടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
എറണാകുളം ശിവക്ഷേത്രത്തിനുവേണ്ടി ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ സ്കീമിൽ ഭക്തരിൽനിന്ന് സമാഹരിച്ച പണം ഉപയോഗിച്ച് കൊച്ചി കോർപറേഷനിൽനിന്ന് വാങ്ങിയ 1.25 ഏക്കർ ഭൂമിയിൽ ക്ഷേത്ര ക്ഷേമസമിതിയും ഉടമസ്ഥത പങ്കിടുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം. ഉടമസ്ഥാവകാശമില്ലാത്ത വസ്തു സമിതി വിട്ടുനൽകണമെന്ന് കോടതി നിർദേശിച്ചു. എറണാകുളത്തപ്പൻ ഗ്രൗണ്ടുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്തതുൾപ്പെടെയുള്ള ഹരജികൾ പരിഗണിച്ചാണ് ഉത്തരവ്.
വാങ്ങുന്ന ഭൂമി ക്ഷേത്രത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന മുൻ ഉത്തരവ് ലംഘിച്ച് ദേവസ്വം ബോർഡിന്റെയും സമിതിയുടെയും പേരിൽ എഴുതുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ചട്ടവിരുദ്ധമാണ്. ക്ഷേത്രംവക വസ്തുവിൽനിന്നുള്ള വരുമാനം ബോർഡും സമിതിയും നിശ്ചിത അനുപാതത്തിൽ പങ്കുവെക്കുന്നതും ഉചിതമല്ല. കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യാറുണ്ടെന്നാണ് സമിതി നേരത്തേ അറിയിച്ചത്. എന്നാൽ, ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ ദേവസ്വം ബോർഡിനും എറണാകുളം ക്ഷേത്ര ക്ഷേമസമിതിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ രേഖപ്പെടുത്തിയിരുന്നു.
വരവും ചെലവും ഭൂമി വാങ്ങലും സംബന്ധിച്ച കണക്കുകൾ ഹാജരാക്കാത്തതിൽ വിശദമായ പരിശോധന ആവശ്യമാണെന്നു മുൻ ഉത്തരവിൽ പറഞ്ഞിതും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ചുമതലയേറ്റെടുത്തത് മുതലുള്ള ഓഡിറ്റ് രേഖകൾ ഹാജരാക്കാൻ ക്ഷേത്രോപദേശക സമിതിയോട് കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ ഈ രേഖകൾ സ്വതന്ത്ര ഓഡിറ്റിന് വിധേയമാക്കുമെന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് ഹരജി വീണ്ടും 23ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

