കിതച്ചു തുടങ്ങിയ സ്വകാര്യ ബസ് വ്യവസായം നിലക്കുമോ?
text_fieldsകണ്ണൂർ: ഒമ്പത് ദിവസത്തിനുള്ളിൽ മൂന്ന് തവണയുള്ള ഇന്ധനവില വർധനവും. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം. രണ്ടിനുമിടയിൽ തകർച്ചയുടെ നെല്ലിപ്പടിയിലേക്കാണ് സ്വകാര്യ ബസുകളുടെ യാത്ര. കോവിഡിനെത്തുടർന്ന് കിതച്ചുതുടങ്ങിയ ബസ് വ്യവസായം നിലവിൽ നിലക്കുമെന്ന അവസ്ഥയിലാണ്.
കോവിഡിനെത്തുടർന്ന് സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലെ വർധനയാണ് ബസ് വ്യവസായത്തെ ആദ്യം ബാധിച്ചത്. മറുനാടൻ തൊഴിലാളികൾ ഇല്ലാത്തതിനാൽ ദിനംപ്രതി ശരാശരി 1,500 രൂപയുടെ വരുമാന നഷ്ടമാണുള്ളതെന്ന് ബസുടമകൾ പറയുന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്തുന്നതിന് അടുത്തദിവസം ഗതാഗതമന്ത്രിയെ കാണാനുള്ള ഒരുക്കത്തിലാണ് സ്വകാര്യ ബസ് മേഖലയിലെ സംഘടനകൾ.
രണ്ടു വർഷം മാറ്റമില്ലാതെ തുടർന്ന ഇന്ധനവില കഴിഞ്ഞ 15നാണ് ലിറ്ററിന് മൂന്ന് രൂപയിലധികം വർധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇന്ധനവില ലിറ്ററിന് 86 പൈസ വർധിച്ചു. ശനിയാഴ്ച പെട്രോളിന് ലിറ്ററിന് 85 പൈസയും ഡീസലിന് 88 പൈസയും വർധിച്ചു. ഈ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ ശരാശരി അഞ്ച് രൂപയുടെ വർധനവാണുള്ളത്. നിലവിലെ ഇന്ധനവില വർധനയിൽ ബസുകളിൽ ഫുൾ ടാങ്ക് ഇന്ധനമടിക്കണമെങ്കിൽ വൻ സാമ്പത്തിക ബാധ്യതയാണുള്ളത്. കേരളത്തെ അപേക്ഷിച്ച് ലിറ്ററിന് 12 രൂപയോളം വിലക്കുറവുള്ള മാഹിയിൽനിന്നും ഇന്ധനമടിക്കുന്നത് ഈ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾക്ക് മാത്രമാണ് പ്രാവർത്തികമാവുക.
കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് യാത്രാസൗജന്യം അനുവദിക്കാനുള്ള തീരുമാനം സ്വകാര്യ ബസുകളുടെ തകർച്ചക്കാണ് വഴിയൊരുക്കുക. കണ്ണൂർ ജില്ലയിൽ രണ്ടായിരത്തിൽപരം ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് ഇന്ന് 800 ബസുകളാണ് സർവിസ് നടത്തുന്നത്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുന്ന കാര്യം 13 വർഷമായിട്ടും പരിഗണിച്ചിട്ടില്ല. ഗതാഗതമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചക്കുശേഷം ഭാവിപരിപാടികൾ തീരുമാനിക്കുമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.
സ്വകാര്യബസിലെ യാത്രക്കാരിൽ 60 ശതമാനവും സ്ത്രീകളാണ്. ബാക്കിയുള്ളവരിൽ വലിയൊരു ശതമാനം മറുനാടൻ തൊഴിലാളികളും. ഇവർ ഇല്ലാതായാൽ മുന്നോട്ടുപോകാനാകില്ല. വിശദാംശങ്ങൾ വെളിവായിട്ടില്ലെങ്കിലും കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് യാത്രാസൗജന്യം അനുവദിക്കാനുള്ള തീരുമാനം സ്വകാര്യ ബസുകളുടെയും കെ.എസ്.ആർ.ടി.സിയുടെയും സമ്പൂർണ തകർച്ചയിലേക്കാണ് നയിക്കുക. ജില്ലയിൽ ഏറ്റവുമധികം കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്ന റൂട്ടാണ് കണ്ണൂർ-ഇരിട്ടി. സ്ത്രീകൾ മുഴുവൻ കെ.എസ്.ആർ.ടി.സി ഉപയോഗിച്ചാൽ ഈ റൂട്ടിലോടുന്ന സ്വകാര്യബസുകൾ നിലക്കുമെന്നും ബസുകളിലെ തൊഴിലാളികളുടെ തൊഴിൽ നിലക്കുമെന്നും ഭാരവാഹിക്കൾ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

