സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിന്
text_fieldsകണ്ണൂര്‍: സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് കേരള ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ഹംസ എരിക്കുന്നന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികൾ ശ്രദ്ധയിൽപെടുത്തി മുഖ്യമന്ത്രി, ഗതാഗത മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കൽ, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറൽ അടക്കമുള്ള നടപടികൾ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ ഈ വ്യവസായം തന്നെ ഇല്ലാതാവുമെന്നും ഹംസ എരിക്കുന്നന്‍ പറഞ്ഞു. കെ. സത്യന്‍, രാജ് കുമാര്‍ കരുവാരത്ത്, വിജയകുമാര്‍, ഗംഗാധരന്‍, പി.പി. മോഹനന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

