ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം
text_fieldsതിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദീർഘകാലമായി സർവിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടേയും ദീർഘദൂര ബസുകളുടേയും പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ നൽകുകയും വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായും വർധിപ്പിക്കുകയും ചെയ്യുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചെലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്നത് നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകുകയും ധർണയും മാർച്ചുമടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് തീരുമാനിച്ചത്. വാർത്തസമ്മേളനത്തിൽ സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ, ജന. കൺവീനർ ടി. ഗോപിനാഥ്, കെ.കെ. തോമസ്, കെ.ബി. സുരേഷ്കുമാർ, വി.എസ്. പ്രദീപ്, എൻ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു.
സൂചനസമരത്തിൽ പങ്കെടുക്കും -ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ എട്ടിന് നടക്കുന്ന സൂചന ബസ് പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം, ജൂലൈ 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് മന്ത്രിയുമായി നടക്കുന്ന ചർച്ചക്കു ശേഷമേ തീരുമാനമെടുക്കൂവെന്നും അവർ വ്യക്തമാക്കി.
തൃശൂരിൽ നടന്ന യോഗത്തിൽ ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് ടി.ജെ. രാജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ പയ്യപ്പിള്ളി, ഓൾ കേരള ബസ് ഓണേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്‍റ് ജോയി ചെട്ടിശ്ശേരി, റെജി ആനത്താരക്കാൽ, ഗഫൂർ കൊടുവള്ളി, ബഷീർ മാവൂർ, കെ.സി. വിക്ടർ അങ്കമാലി, പി.കെ. വിജയൻ, എം.പി. മുനാജ്, സ്ലീബ കോലഞ്ചേരി, രഞ്ജിത്ത് തലശ്ശേരി എന്നിവർ സംസാരിച്ചു. പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.എ. ഹരി സ്വാഗതവും ഫോറം സംസ്ഥാന ട്രഷറർ മോനി മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

