സ്വകാര്യ ബസ് പണിമുടക്ക് എട്ടിന്; 14 വർഷമായി തുടരുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് ഉയർത്തണം
text_fieldsപാലക്കാട്: വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ സൂചന പണിമുടക്ക് നടത്തുമെന്ന് ബസുടമ സംയുക്ത സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബസുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കും. പ്രവർത്തന ചെലവിലെ വർധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും മൂലം സ്വകാര്യ ബസ് മേഖല വളരെയേറെ പ്രതിസന്ധിയിലാണ്. ബസുകളുടെ എണ്ണം വർഷം തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 32,000ത്തോളം ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 8000ത്തോളം ബസുകൾ മാത്രമാണുള്ളത്.
സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരുവിധ ആനുകൂല്യങ്ങളും നൽകാതെ കെ.എസ്.ആർ.ടി.സിയുടെ രക്ഷകരായി മാത്രമാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഗതാഗത മന്ത്രി ചർച്ചക്ക് തയാറാകുന്നില്ലെന്നും ഏകപക്ഷീയമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ബസുടമകൾ ആരോപിച്ചു. അശാസ്ത്രീയ നിബന്ധനകളാണ് സ്വകാര്യ ബസുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതുമൂലം തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്. ഈ തീരുമാനം പിൻവലിക്കണം. ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സിയുടെ മാത്രം മന്ത്രിയല്ല, സ്വകാര്യ ബസുകളെ കൂടി പരിഗണിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
സാധാരണ യാത്രക്കാരുടെ യാത്രാനിരക്ക് വർധന ആവശ്യപ്പെടുന്നില്ല. 14 വർഷമായി തുടരുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് ഒരു രൂപ എന്നത് മാറ്റി രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് അനുസരിച്ച് 50 ശതമാനമായി നിശ്ചയിക്കണം. കൺസഷൻ കൊടുക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കണം. ബസുടമകളിൽനിന്ന് അന്യായമായി അമിതമായ പിഴ ഇ-ചലാൻ വഴി ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കണം, ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ജി.പി.എസ്, സ്പീഡ് ഗവേണർ, സെൻസർ കാമറ തുടങ്ങിയ അശാസ്ത്രീയ തീരുമാനങ്ങൾ ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ ഓർഗനൈസേഷൻ ഭാരവാഹികളായ ടി. ഗോപിനാഥൻ, എ.എസ്. ബേബി, ഫെഡറേഷൻ ഭാരവാഹികളായ കെ. സത്യൻ, സുധാകരൻ, കെ.ബി.ടി.എ ഭാരവാഹികളായ ഗോകുലം ഗോകുൽദാസ്, ബഷീർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.