വടകരയിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു
text_fieldsപയ്യോളി ബസ് സ്റ്റാൻഡിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ കയറാൻ യാത്രക്കാരുടെ തിരക്ക്
പയ്യോളി (കോഴിക്കോട്): വടകരയിലെ പഴയ ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. കൊയിലാണ്ടി -വടകര, പയ്യോളി - പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപാലം, അറബിക് കോളജ് റൂട്ടുകളിലെ ബസുകൾ ഓടിയില്ല. ഇതേ തുടർന്ന് ഇന്ന് അതിരാവിലെ മുതൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.
വിവിധ ആവശ്യങ്ങൾക്കും ജോലിക്കുമായി പോകുന്നവരും, സ്കൂൾ -കോളജ് വിദ്യാർഥികളുമാണ് പതിവുപോലെ യാത്ര പുറപ്പെടാൻ കൊയിലാണ്ടി, പേരാമ്പ്ര റൂട്ടുകളിലെ ഇരുഭാഗത്തെയും ബസ് സ്റ്റോപ്പുകളിൽ എത്തിയിരുന്നത്. എന്നാൽ, പണിമുടക്കിനെ തുടർന്ന് ഇവർ ദുരിതത്തിലായി.
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പുകളും നാമമാത്രമായ കെ.എസ്.ആർ.ടി.സി ബസുകളും മാത്രമായിരുന്നു യാത്രക്കാർക്ക് ആശ്രയം. എന്നാൽ, ഭൂരിഭാഗം സ്റ്റോപ്പുകളിലും ഈ ബസുകൾ നിർത്താത്തതിനാൽ പ്രയോജനപ്പെട്ടില്ല. മിന്നൽ പണിമുടക്കായതു കൊണ്ട് സമാന്തര സർവിസ് നടത്താറുള്ള ടാക്സി -ജീപ്പുകളും ഓടിയില്ല.
അതേസമയം, മുൻകൂട്ടി പ്രഖ്യാപിച്ച പണിമുടക്കാണെങ്കിൽ സമാന്തര സർവിസുകളെങ്കിലും ഉണ്ടാകുമായിരുന്നുവെന്നാണ് യാത്രക്കാരും പറയുന്നത്. ബസുകൾ ഓടാത്തത് കാരണം കൃത്യസമയത്ത് ക്ലാസുകളിലും ജോലിസ്ഥലത്തും എത്തേണ്ട ആയിരക്കണക്കിന് പേരാണ് മിന്നൽ പണിമുടക്കിൽ വലഞ്ഞത്. അതിനിടയിൽ, പയ്യോളി ബസ് സ്റ്റാൻഡിൽ കണ്ണൂർ ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ വിദ്യാർഥികളെ കയറ്റാത്തത് യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കി.
കഴിഞ്ഞദിവസവും വടകരയിലെ ബസ് സ്റ്റാൻഡ് വിഷയത്തിൽ സമാനരീതിയിൽ മിന്നൽ പണിമുടക്ക് നടത്തിയത് കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. സർവിസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാനോ ബസുകൾ പിടിച്ചെടുക്കാനോ ആർ.ടി.ഒയും പൊലീസും തയാറാവാത്തതിൽ യാത്രക്കാരിൽ അമർഷം പുകയുകയാണ്.
വടകര ലിങ്ക് റോഡിൽ നിന്നും ബസുകൾ പുറപ്പെടുന്നതിന് പകരം തിങ്കളാഴ്ച മുതൽ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടണമെന്ന പൊലീസിന്റെ തീരുമാനമാണ് സ്വകാര്യ ബസുകാരുടെ മിന്നൽ പണിമുടക്കിന് ഇടയിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

