സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ
text_fieldsതൃശൂർ: ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസുടമകൾ സമരത്തിന്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അതിഗുരുതര സാഹചര്യത്തിൽ ഇന്ധന സെസ് കൂടി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണെന്നും സമരത്തിനിറങ്ങുകയല്ലാതെ മാർഗമില്ലെന്നും തൃശൂരിൽ ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം തീരുമാനിച്ചു.
വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കഴിഞ്ഞ ബസ് ചാർജ് വർധനവ് അനുവദിച്ചപ്പോൾ രണ്ടു മാസത്തിനുള്ളിൽ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്താമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും അനുകൂലമായ യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ഡീസൽ വിലയിൽ രണ്ടു രൂപ സെസ് ചുമത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.
മാർച്ച് 31 ന് മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം. ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തും. നിലവിൽ വിദ്യാർഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വർഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണം. റോഡ് നികുതി അടക്കാതെ ജി ഫോറം നൽകി ബസ് സർവീസ് നിർത്തി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും നേരിൽ കാണും.
ആവശ്യങ്ങളുമായി ഈ മാസം 28ന് കളക്ട്രേറ്റുകൾക്ക് മുന്നിൽ ധർണയും പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്നും ഫെഡറേഷൻ പ്രസിഡൻറ് കെ.കെ.തോമസ്, സെക്രട്ടറി എം.എസ് പ്രേംകുമാർ, ട്രഷറർ ഹംസ എരിക്കുന്നൻ, വൈസ് പ്രസിഡൻറ് ശരണ്യ മനോജ്,ജോ.സെക്രട്ടറിമാരായ കെ.സത്യൻ, ആർ.വി.കെ. സ്തോഷ്, സത്യൻ പൂച്ചക്കാട്, കെ.ബി സുനിൽ എന്നിവർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

