പ്രിയദർശിനി സർവിസ്; ‘വെറ്റ് ലീസ്’ പദ്ധതിയോട് മുഖംതിരിച്ച് സ്വകാര്യ ബസ് ഉടമകൾ
text_fieldsകോഴിക്കോട്: സർക്കാറിന്റെ ‘വെറ്റ് ലീസ്’ പദ്ധതിയോട് മുഖംതിരിച്ച് മലബാറിലെ ബസ് ഉടമകൾ. പദ്ധതി നടപ്പായാൽ സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ഇല്ലാതാകുന്ന അവസ്ഥ വരുമെന്നാണ് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ പറയുന്നത്. പ്രിയദർശിനി ബസ് സർവിസ് വന്നതോടെ മലബാറിലെ നാലായിരത്തോളം വരുന്ന സ്വകാര്യ ബസുകളെ പോലും സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾ പാട്ടത്തിനെടുത്ത് സർവിസ് നടത്തിയാൽ ഈ മേഖല കൂടുതൽ ദുരിതത്തിലേക്ക് പോവുകയേ ഉള്ളൂവെന്നും സംഘടന ചൂണ്ടിക്കാട്ടി.
പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ അധികൃതർ ചർച്ച നടത്തിയിട്ടുമില്ല. ഇതുസംബന്ധിച്ച് വാട്സ് ആപ് ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നു എന്നല്ലാതെ പ്രായോഗികമായുള്ള ഒരു ചുവടുവെപ്പും ഉണ്ടായിട്ടില്ലെന്നും സംഘടനയുടെ ഭാരവാഹികൾ പറയുന്നു. മലബാർ മേഖലയിലാണ് ഏറ്റവും കൂടുതൽ സ്വകാര്യ ബസ് സർവിസുകളുള്ളത്. അതിനാൽ ഇക്കാര്യത്തിൽ ഗതാഗത മന്ത്രിക്ക് ചർച്ച നടത്തി തീരുമാനമെടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രിയദർശിനി സർവിസ് ആരംഭിച്ചതോടെ വലിയ വരുമാന നഷ്ടം നേരിട്ട സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനും യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി സർക്കാർ മുന്നോട്ടുവെച്ച പദ്ധതിയാണ് ‘വെറ്റ് ലീസ്’. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയത് സ്വകാര്യ ബസ് സർവിസുകളെ സാരമായി ബാധിച്ചിരുന്നു. തുടർന്നാണ് സ്വകാര്യ ബസുകളിൽ കൂടി പ്രിയദർശിനി സർവിസ് നടപ്പാക്കാൻ സർക്കാർ ആലോചിച്ചത്. ഇതനുസരിച്ച് സ്വകാര്യ ബസുകൾ നേരിട്ട് വാങ്ങി സർവിസ് നടത്തുകയല്ല. പകരം ‘വെറ്റ് ലീസ്’ വ്യവസ്ഥയിൽ അവ കെ.എസ്.ആർ.ടി.സിയുടെ കീഴിൽ ഓടിക്കുക എന്നതാണ് ഗതാഗത വകുപ്പിന്റെ പദ്ധതി.
വ്യവസ്ഥ അനുസരിച്ച് ബസിന്റെ ഉടമസ്ഥത സ്വകാര്യ വ്യക്തികൾക്ക് തന്നെയായിരിക്കും. വണ്ടിയും ഡ്രൈവറും അവർ നൽകും. എന്നാൽ, സർവിസ് നടത്തുക കെ.എസ്.ആർ.ടി.സിയുടെ മേൽനോട്ടത്തിലും. കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക വാടകയായി ബസുടമകൾക്ക് സർക്കാർ നൽകും. ഇതിനായി കിലോമീറ്ററിന് 50 രൂപ നിരക്കിൽ നൽകാൻ കെ.എസ്.ആർ.ടി.സി ആലോചിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ തെക്കൻ ജില്ലകളിൽ പദ്ധതി നടപ്പാക്കാനായിരുന്നു സർക്കാറിന്റെ ആലോചന.

