ആലുവ: മൂന്ന് വയസുകാരൻ പൃഥ്വിരാജ് നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുറ്റക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് മാതാവ് നന്ദിനി അനിശ്ചിതകാല സമരം ആരംഭിച്ചു. കുട്ടിക്ക് ചികിത്സ നിഷേധിച്ചവരെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപിച്ച് ആലുവ ജില്ല ആശുപത്രിക്ക് മുമ്പിലാണ് ശനിയാഴ്ച്ച രാവിലെ സമരമാരംഭിച്ചത്. പട്ടികജാതി പട്ടിക വർഗ ഏകോപന സഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
കുട്ടിയുടെ അമ്മ നന്ദിനി, മുത്തശ്ശി യശോദ, യശോദയുടെ അനുജത്തി പുഷ്പ എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ രണ്ട് എക്സ്റെകളിലും ഒന്നല്ല രണ്ട് നാണയമാണ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. കാക്കനാട്
കെമിക്കൽ ലാബിൽ നിന്നും ലഭിച്ച ആന്തരികാവയവ പരിശോധന റിപ്പോർട്ടിൽ ശ്വാസംമുട്ടൽ മൂലം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാർ ഉണ്ടായതായിരുന്നെന്നാണ് റിപ്പോർട്ട്.
ആലുവ ജില്ല ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയത്. എന്നാൽ, ഈ ആശുപത്രികളിലൊന്നും ചികിത്സ നൽകാതെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലർച്ചെയാണ് മരിച്ചത്. കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനി ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകക്ക് താമസിക്കുകയാണ്.