കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാകും -പി. ജയരാജൻ
text_fieldsകണ്ണൂർ: ജയിലിനകത്തും പുറത്തും തടവുകാർ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ലംഘിച്ചാൽ കൊടിയായാലും വടിയായാലും നടപടിയെടുക്കുമെന്നും സി.പി.എം നേതാവും കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗവുമായ പി. ജയരാജൻ.
കോടതിയിൽനിന്ന് മടങ്ങുന്നതിനിടെ തടവുകാർ മദ്യപിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ പിണറായി സർക്കാർ തെറ്റ് ചെയ്തവർക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ്.
സർക്കാർ വിരുദ്ധർക്ക് ഇതിൽ ആശ്വസിക്കാനൊന്നുമില്ല. പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെറ്റായ കാര്യങ്ങൾ നടന്നതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി. പ്രതിക്ക് പരോൾ നിഷേധിക്കുകയും ചെയ്തു. സർക്കാറിനെ സംബന്ധിച്ച് അച്ചടക്ക ലംഘനമുണ്ടായാൽ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കും. ടി.പി. വധക്കേസിൽ മറ്റൊരു പ്രതി ടി.കെ. രജീഷിന് പരോൾ അനുവദിച്ചതിൽ അർഹതപ്പെട്ടവർക്ക് പരോൾ നിഷേധിക്കാനാകില്ലെന്ന് ജയരാജൻ പറഞ്ഞു.
ഒരാൾ തെറ്റ് ചെയ്തതിന്റെ പേരിൽ തടവിൽ കഴിയുന്നവരെല്ലാം ശിക്ഷിക്കപ്പെടണമെന്ന് പറയുന്നത് ശരിയല്ല. ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ നൽകുന്നതിന് കൃത്യമായ വ്യവസ്ഥയുണ്ടെന്നും പി. ജയരാജൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും പൊലീസിനെ കാവൽ നിർത്തി മദ്യപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശ്ശേരി കോടതിയില്‍നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ മദ്യപിക്കാന്‍ അവസരമൊരുക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കൊടി സുനിയുടെ പരോൾ ജയിൽ വകുപ്പ് റദ്ദാക്കിയിരുന്നു. മദ്യപാനത്തിന് സൗകര്യം ചെയ്തു നൽകിയ പൊലീസുകാരെ സസ്പെൻഡും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

