മനുവിനെ ജയിൽ ജീവനക്കാർ കൊന്ന് കെട്ടിതൂക്കിയതാണെന്ന് പിതാവ്
text_fieldsഇടുക്കി: കട്ടപ്പന നരിയംപാറ പീഡനക്കേസിൽ പൊലീസിനും ബി.ജെ.പിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതി മനു മനോജിന്‍റെ പിതാവ്. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ കളിയാണ് രണ്ട് കുട്ടികളുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും പിതാവ് മനോജ് ആരോപിച്ചു.
മനുവിന്‍റെയും പെൺകുട്ടിയുടെയും കല്യാണം ഉറപ്പിച്ചതാണ്. പിന്നീട് പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് കേസ് നൽകുകയായിരുന്നു. ഇയാളുടെ സമ്മർദ്ദത്തിൽ ജയിൽ ജീവനക്കാർ മനുവിനെ കൊന്ന് കെട്ടിതൂക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്‍റെ ആരോപണം. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുബം പറഞ്ഞു.
അഞ്ചാം തിയതിയാണ് പോക്സോ കേസിൽ റിമാൻഡിലായിരുന്ന മനു മനോജ് മുട്ടത്തെ ജില്ലാ ജയിലിൽ വച്ച് മരിച്ചത്. റിമാൻഡിൽ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവന്നില്ല. ജീവനക്കാർ നോക്കിയപ്പോൾ തോർത്തുമുണ്ടിൽ കുരുക്കിട്ട് ഗ്രില്ലിൽ തൂങ്ങിമരിച്ചെന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം.
ആത്മഹത്യക്ക് ശ്രമിച്ച പീഡനത്തിന് ഇരയായ പെൺകുട്ടി ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയിരുന്നു. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും മനുവിന്‍റെ കുടുംബം പറഞ്ഞു.