വിരമിക്കാൻ മൂന്നുവർഷം; പ്രിൻസിപ്പൽ മലയാളം പഠിച്ചു
text_fieldsകോട്ടയം: വിരമിക്കാൻ മൂന്നുവർഷം ബാക്കിനിൽക്കെ കോളജ് പ്രിൻസിപ്പൽ മലയാളം പഠിച്ചു. മലയാളത്തോട് മോഹംതോന്നിയ പത്തനംതിട്ട ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ആർ. രാജശ്രീയാണ് സംസ്ഥാന സാക്ഷരത മിഷൻ രൂപംനൽകിയ ‘പച്ചമലയാളം’ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ ആദ്യക്ഷരം മുതൽ പഠിച്ചിറങ്ങിയത്. ആദ്യ ബാച്ചിലെ അംഗമായി നാലുമാസത്തെ പഠനത്തിനൊടുവിൽ അവസാനകടമ്പ കടക്കാൻ ഞായറാഴ്ച കോട്ടയത്തെ പരീക്ഷകേന്ദ്രമായ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 21 പേർക്കൊപ്പം പരീക്ഷയും എഴുതി.
എറണാകുളം മഹാരാജാസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന രാജശ്രീക്ക് ഇക്കാലമത്രയും മലയാളത്തെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂ. ജനിച്ചതും വളർന്നതും തമിഴ്നാട്ടിൽ. തിരുവനന്തപുരം സ്വദേശിയായ പിതാവിെൻറ ജോലിയുമായി ബന്ധപ്പെട്ട് സ്ഥിരതാമസം ചെന്നൈയിലായിരുന്നു. പഠനകാലത്ത് ഉപവിഷയമായി തമിഴ് തെരഞ്ഞെടുത്തതോടെ മാതൃഭാഷയിൽനിന്ന് അകന്നു. അധ്യാപികയായുള്ള ഒൗദ്യോഗിക ജീവിതത്തിൽ ഉടനീളം ഇംഗ്ലീഷും തമിഴുമാണ് സംസാരിച്ചത്. ഇതിനിടെ, മലയാളം പഠിക്കണമെന്ന ആഗ്രഹം തോന്നിയെങ്കിലും അക്ഷരങ്ങൾ വായിക്കാനും എഴുതാനും അറിയാത്തത് തടസ്സമായി. പിന്നെ സ്വയം പഠിക്കാനുള്ള ശ്രമത്തിനിടെയാണ് ‘പച്ചമലയാളം’ കോഴ്സിനെക്കുറിച്ച് അറിഞ്ഞത്.
രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കോട്ടയം ഗവ. മോഡൽ ഹയർ െസക്കൻഡറി സ്കൂൾ കേന്ദ്രമാക്കി രാവിെല 10 മുതൽ വൈകീട്ട് നാലുവരെയുള്ള ക്ലാസുകളിലൂടെയാണ് അക്ഷരം, ചിഹ്നം, വാക്യം, വാക്യഘടന എന്നിവയടക്കം സ്വായത്തമാക്കിയത്. ജൂണിൽ ഇലന്തൂർ ഗവ. കോളജ് പ്രിൻസിപ്പലായി നിയമനം കിട്ടി ഭരണഭാഷയായ മാതൃഭാഷയിൽ ഒാഫിസ് കാര്യങ്ങളടക്കം നിർവഹിക്കേണ്ടി വന്നതോടെ താൽപര്യം പിന്നെയും വർധിച്ചു. ഫിഷറീസ് വകുപ്പിൽനിന്ന് വിരമിച്ച ശാസ്ത്രജ്ഞനായ ഭർത്താവും വിവാഹം കഴിച്ചയച്ച മകളും ഹൈദരാബാദിൽ എം.എക്ക് പഠിക്കുന്ന മകനും പ്രോത്സാഹനമേകിയപ്പോൾ പഠനത്തിന് പ്രായവും തടസ്സമായില്ല. മലയാളത്തിൽ എഴുതി ശീലമില്ലാത്തതിനാൽ നേരിയ ബുദ്ധിമുട്ടുണ്ടായെങ്കിലും പരീക്ഷ എളുപ്പമായിരുന്നുവെന്ന് രാജശ്രീ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
