പ്രധാനമന്ത്രിയുടെ സന്ദർശന സുരക്ഷാ വിവരങ്ങൾ വാട്സ്ആപ്പിൽ; മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോര്‍ട്ട് വാട്‌സ് ആ പ്പില്‍ പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് മുരളീധരന്‍ ആരോപിച്ചു.
എ.ഡി.ജി.പി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ വിവരങ്ങൾ അടക്കമുള്ളവയാണിവ. 49 പേജുള്ള റിപ്പോർട്ടിൽ വി.വി.ഐ.പി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണിത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം എ.ഡി.ജി.പി ഇന്റലിജൻസ് ടി.കെ. വിനോദ് കുമാർ ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്കീം തയ്യാറാക്കുകയാണിപ്പോൾ.
ഇതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എ.ഡി.ജി.പി ഇന്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

