പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ഒരുക്കിയ ബാരിക്കേടുകൾ മാറ്റി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ഒരുക്കിയ ബാരിക്കേടുകൾ മാറ്റി. ബാരിക്കേടുകൾ മാറ്റാൻ കാലതാമസം നേരിട്ടതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇതേ തുടർന്ന് മാധ്യമങ്ങളിൽ വാർത്തകൾവന്നതിന് പിന്നാലെയാണ് നടപടി. മൂന്ന് ദിവസം മുമ്പാണ് റോഡിന് ഇരുവശങ്ങളിലും പ്രധാനമന്ത്രിയുടെ സുരക്ഷക്ക് വേണ്ടി ബാരിക്കേട് സ്ഥാപിച്ചത്. മൂന്നുദിവസമായിട്ടും അധികൃതർ ബാരിക്കേഡ് നീക്കാൻ തയാറായിരുന്നില്ല. തിരുവനന്തപുരം കന്യാകുമാരി പാതയിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഈ മാസം നാലിനാണ് തിരുവനന്തപുരത്ത് റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ചത്.
ബാരിക്കേടുകൾ ഗതാഗതത്തിന് തടസമാകുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നരക്കിലോമീറ്ററാണ് ബാരിക്കേടുകൾ തടസം സൃഷ്ടിച്ചത്. ശനിയാഴ്ച വൈകീട്ടാണ് കേരളത്തിലെത്തിയ പ്രധാനമന്ത്രി തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയിൽ എൻ.ഡി.എ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
റോഡിന്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ കാണാനായി വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. തിരുവല്ലയിൽ പൊതുയോഗം ഉണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്ത് റോഡ് ഷോ മാത്രമാണ് നിശ്ചയിച്ചിരുന്നത്. പൂക്കളുമായി വഴിയരികിൽ മണിക്കൂറുകളോളം കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് തുറന്ന വാഹനത്തിൽ പതുക്കെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം നീങ്ങിയത്. തിരുവല്ലയിലെ പൊതുയോഗത്തിൽ ഇടതുവലത് മുന്നണികളെ വിമർശിച്ച് മോദി സംസാരിച്ചിരുന്നു.
വിഭവങ്ങൾ ആവശ്യത്തിനധികം ഉണ്ടായിട്ടും കേരളത്തിൽ വികസന മുരടിപ്പാണെന്നും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെക്കുറിച്ച് കോൺഗ്രസ് നടത്തുന്ന പ്രസ്താവനകൾ ഗൾഫ് മേഖലയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ ഇടത് പക്ഷത്തിനും കോൺഗ്രസിനും ഒരേപോലെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരോട് ഇരുമുന്നണികളും എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും കാണുന്നുണ്ട്. ശബരിമലയിലെ സ്വർണം മുഴുവൻ മോഷ്ടിച്ചു, വിശ്വാസ വഞ്ചന കാണിച്ചു. ഈ രണ്ട് മുന്നണികളെയും കരുതിയിരിക്കണമെന്നും മോദി പറഞ്ഞു. എ.ഐ സമ്മിറ്റിലടക്കം വൃത്തികേട് കാണിച്ച് കോൺഗ്രസ് രാജ്യത്തിന് നാണക്കേടുണ്ടാക്കി. പശ്ചിമേഷ്യൻ യുദ്ധം നടക്കുമ്പോഴും അന്താരാഷ്ട്ര തലത്തിൽ പ്രതിച്ഛായ തകരുന്ന മോശം പ്രസ്താവനകൾ നടത്തുകയാണ്.
മോശം ഭരണം കാഴ്ചവച്ചാലും ഭരണം ലഭിക്കുമെന്നായിരുന്നു ഇടത് വലത് മുന്നണികളുടെ വിചാരം. ഇത്തവണ അത് കേരളം തിരുത്തും. കേന്ദ്ര പദ്ധതികൾ എങ്ങനെയാണ് ഇടത്-വലത് മുന്നണികൾ തടസപ്പെടുത്തിയതെന്ന് ജനങ്ങളെ പറഞ്ഞ് മനസിലാക്കണമെന്ന് അദ്ദേഹം പ്രവർത്തകരെ ഉപദേശിച്ചു. പ്രിയങ്ക ഗാന്ധിയെ സംവാദത്തിന് വിളിക്കണം. വയനാട് എം.പിയെ സംവാദത്തിൽ നേരിടാൻ നിങ്ങൾക്കേ സാധിക്കും. മാവോവാദികളുടെയും മുസ് ലിം ലീഗിന്‍റെയും താളത്തിന് തുള്ളുന്ന പാർട്ടിയായി കോൺഗ്രസ് മാറി. തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിച്ച് വോട്ടിന് വേണ്ടി ലോഹ്യം കൂടാൻ അവർ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

