ഗൗരവ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിൽ തട്ടിപ്പ്
text_fieldsഎലത്തൂരിലെ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത കേസിലെ പ്രതികളായ ഡൽഹി സ്വദേശികളെ കോഴിക്കോട്ടെത്തിച്ചപ്പോൾ
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എക്ക് 'വാഗ്ദാനം' ചെയ്ത കേസിലെ മുഖ്യപ്രതി ഗൗരവ്, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി വിവരം. ഈസ്റ്റ് ഡൽഹി സ്വദേശിയായ ഗൗരവ് കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ നാസികിലെ ബി.ജെ.പി എം.എൽ.എയെയാണ് തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചത്. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു അന്നും തട്ടിപ്പിന് ശ്രമിച്ചത്.
എന്നാൽ ഡൽഹി പൊലീസ് വിവരമറിയുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് ഗൗരവിനെയും മറ്റൊരു പ്രതിയേയും പിടികൂടുകയായിരുന്നു. ജയിൽ ശിക്ഷ അനുഭവിച്ച പ്രതി പുറത്തിറങ്ങിയ ശേഷം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുകയും തട്ടിപ്പിന് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. ഇതിന് പുറമേ ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജനപ്രതിനിധികളെ ലക്ഷ്യമിട്ടും പ്രതി തട്ടിപ്പ് നടത്താൻ ശ്രമിച്ചതായാണ് വിവരം.
ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. വയനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇവർ പ്രതികളാണ്. എം.പിമാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാക്കോസിനെയുമാണ് വയനാട് എം.പിയുടെ ഓഫിസിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചത്. എം.പി പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ് രാജ്കുമാറിന്റെ പരാതിയിലാണ് വയനാട് എസ്.പി കേസെടുത്തത്.
രാഷ്ട്രീയ രംഗത്തുള്ളവരെ ലക്ഷ്യമിട്ടാണ് ഗൗരവ് തട്ടിപ്പുകൾ ആസൂത്രണം ചെയ്തിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്. ഇതിൽ നിന്നും ആരെല്ലാം തട്ടിപ്പിനിരയായിട്ടുണ്ടെന്നത് സംബന്ധിച്ച് വിവരം ലഭിക്കുമെന്ന് സൈബർ പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിൽനിന്നാണ് എം.എൽ.എമാരുടെ വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്.
പിടിയിലാകുമെന്ന ഭയത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് വിദ്യ ബാലകൃഷ്ണൻ എം.എൽ.എക്ക് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ച കേസിൽ പിടിയിലാകുമെന്ന് ഭയപ്പെട്ടതോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം. വാർത്തകളറിയാനും പൊലീസ് നീക്കം മനസ്സിലാക്കാനും ഓൺലൈൻ വാർത്തകൾ സ്ഥിരമായി നിരീക്ഷിച്ച പ്രതികൾ എം.എൽ.എയെ ബന്ധപ്പെട്ട ഫോണും സിം കാർഡും ഡൽഹിയിലെ പാർക്കിൽ കുഴിച്ചിട്ടു. വിളിച്ച നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സൈബർ പൊലീസ് ഡൽഹിയിലെത്തി സിം കാർഡ് ഉടമയെ കണ്ടെത്തി.
എന്നാൽ ഫോൺ നഷ്ടപ്പെട്ടെന്ന വിവരം അറിയിച്ചതോടെ ഡൽഹി പൊലീസിന്റെ സഹായത്തോടെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്തുകയും തുടർന്ന് ഫോൺ വാങ്ങിയ പ്രതികളിലേക്ക് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഒടുവിൽ ഗൗരവിനെ കുറിച്ചറിഞ്ഞ പൊലീസ് ദിവസങ്ങളോളം പിന്തുടർന്ന ശേഷമാണ് പിടികൂടിയത്. ഇരുവരെയും വീട്ടിൽവെച്ചാണ് പൊലീസ് പിടികൂടിയത്.
നിതിൻകുമാറിനെയാണ് അന്വേഷണസംഘം ആദ്യം പിടികൂടിയത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൗരവിനെയും വലയിലാക്കിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളും അയൽവാസികളുമായിരുന്നു. ഗൗരവ് സമ്പന്നകുടുംബത്തിലെ അംഗമാണെന്നും എൽ.എൽ.ബി പഠിച്ചിട്ടുണ്ടെന്നും സൈബർ പൊലീസ് അറിയിച്ചു. നിതിൻകുമാർ ഡിഗ്രി വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

