വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കൽ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
കേരളത്തില്‍ ഒരുഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതിരമണീയമായ പ്രദേശങ്ങള്‍. ഇതിനിടയിലാണ് പുതുതലമുറ വികസനത്തിന്‍റെ മാതൃകയായി വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത്. 8800 കോടി രൂപ ചെലവിട്ടാണ് തുറമുഖം നിര്‍മിക്കുന്നത്. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍സ്ഷിപ്പ്‌മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്. ഇതിനു മാറ്റം വരികയാണ്. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ ദീർഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണമെന്ന് സ്വാഗത പ്രസംഗത്തിൽ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതിയില്‍ പങ്കുവഹിച്ചതെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, ജി.ആര്‍. അനില്‍, ഗൗതം അദാനി, കരണ്‍ അദാനി തുടങ്ങി നിരവധി പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി ഇന്നലെ രാത്രി തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ 10.30ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

