'കടലിന്റെ മക്കൾക്ക് നമസ്‍കാരം', മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് നരേന്ദ്ര മോദി; മറൈൻഡ്രൈവിലെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തു
text_fieldsനരേന്ദ്ര മോദി
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എയുടെ പ്രചാരണ പരിപാടികൾക്കും സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെ നാവികസേന ആസ്ഥാനത്തേക്ക് പുറപ്പെട്ടു.
ധീവരസഭ സുവർണജൂബിലി ആഘോഷ സമാപനസംഗമം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മറൈൻഡ്രൈവിൽ എത്തി. ഈ പരിപാടിക്ക് ശേഷം 1.15ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തുന്ന മോദി, കേന്ദ്രസർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചക്ക് 2.15ന് കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻ.ഡി.എ തെഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഞ്ച് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പൊലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി രാജേഷ്, കൃഷ്ണൻകുട്ടി എന്നിവരും പരിപാടിയിൽ പങ്കെടുക്കില്ലായെന്ന് വ്യക്തമാക്കിയിരുന്നു. ദേശിയപാതയുടെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി, സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാന്തര ഉദ്ഘാടനവും റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനോടൊപ്പം 5,500 കോടി രൂപ ചെലവിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന്റെ തറക്കല്ലിടലും നിർവഹിക്കും. തുടർന്ന് തമിഴ്നാട്ടിലേക്ക് പോകും. ഈ മാസത്തെ മോദിയുടെ രണ്ടാമത്തെ തമിഴ്നാട് സന്ദർശനം ആണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

