പ്രധാനമന്ത്രി തലസ്ഥാനത്ത്; ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു.
വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ ആയാണ് എത്തിയത്. പുത്തരിക്കണ്ടം മൈതാനത്തെ വേദിയിൽ തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

കേരളത്തിനെ സംബന്ധിച്ച് വികസനത്തിനു പുതിയ ദിശാബോധം വന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി വികസിത കേരളത്തിൽനിന്നു മാത്രമേ വികസിത ഭാരതം ഉണ്ടാകുകയുള്ളുവെന്ന് പറഞ്ഞു.
കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്ക് ഒപ്പമാണ്. കേരള വികസത്തിനു ഇന്നു മുതൽ പുതിയ ദിശാബോധമെന്നും പ്രധാനമന്ത്രി പറഞ്ഞു. അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിന്റെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയെന്നും ഗുരുവായൂർക്കുള്ള പുതിയ ട്രെയിൻ തീർഥാടനത്തിന് ഉപയുക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് സംസാരിച്ചു. അമൃത് ഭാരത് ട്രെയിനുകളടക്കം ലഭിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം ഇവ വലിയ പ്രാധാന്യമുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സംസ്ഥാന സർക്കാരിന് വലിയ സംതൃപ്തി നൽകുന്ന നിമിഷമാണിത്, കാരണം ഈ പദ്ധതികളിൽ പലതിനും കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിക്കാൻ ഞങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പദ്ധതികൾക്ക് അനുമതി നൽകിയതിന് പ്രധാനമന്ത്രിയോടുള്ള ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. ഭാവിയിലും കേരളത്തോട് ഈ കരുതൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റ് വിവിധ മേഖലകളുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നും, അവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കാൻ പ്രധാനമന്ത്രി ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു' മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

