വൈദികർ രാഷ്ട്രീയ പ്രചാരകരാകരുത്; വിശ്വാസികൾക്കിടയിൽ ഭിന്നത ഉണ്ടാക്കും -കത്തോലിക്ക ബാവ
text_fieldsകോട്ടയം: ഓർത്തഡോക്സ് സഭയിലെ വൈദികർ രാഷ്ട്രീയ പ്രചാരകരാകരുതെന്ന് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ. അങ്ങനെയുള്ളവർ സഭാ ശുശ്രൂഷകളിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതമെന്നും കത്തോലിക്ക ബാവ വ്യക്തമാക്കി.
രാഷ്ട്രീയ വീക്ഷണം ഉണ്ടാകുന്നതിൽ തെറ്റില്ല. എന്നാൽ, അത് പരസ്യമായി പ്രകടിപ്പിക്കരുത്. മറിച്ചായാൽ വിശ്വാസികൾക്കിടയിൽ അത് ഭിന്നത ഉണ്ടാക്കും. അത്തരം സംഭവങ്ങളിൽ ദാക്ഷിണ്യമില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും കത്തോലിക്ക ബാവ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഓർത്തഡോക്സ് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബി.ജെ.പിയിൽ ചേർന്നത് സഭക്കുള്ളിൽ വലിയ വിവാദത്തിനും വിമർശനത്തിനും വഴിവെച്ചിരുന്നു. ഇതേതുടർന്ന് ഭദ്രാസന സെക്രട്ടറി നിലവിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയിരുന്നു. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ ഭദ്രാസന കൗൺസിൽ കമീഷനെയും നിയോഗിച്ചിട്ടുണ്ട്.
ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാനും തീരുമാനമായി. അതേസമയം, തന്‍റെ അഭ്യർഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്നും താൻകൂടി ആവശ്യപ്പെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യൻ പറഞ്ഞു.
ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സഭ അധ്യക്ഷന് പരാതി നൽകിയിരുന്നു. നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം എടുത്തിരുന്നു. പിന്നാലെ, ഷൈജു കുര്യൻ ബി.ജെ.പിയിൽ ചേർന്നതിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തി. റാന്നിയിലെ അരമനക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു.

