പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മദർ ജനറൽ
text_fieldsകോട്ടയം: ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ സ്വഭാവഹത്യ ചെയ്ത് മിഷനറീസ് ഒാഫ് ജീസസ് മദർ ജനറൽ. പരാതിക്കാരിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി പരാതി ലഭിച്ചിരുന്നുവെന്നും ഇതിൽ അച്ചടക്കനടപടിയുണ്ടാകുമെന്ന് ഭയന്നാണ് ബിഷപ്പിനെതിരെ രംഗത്തെത്തിയതെന്നും മദർ ജനറൽ സിസ്റ്റർ റെജീന കടംത്തോട്ട് പറയുന്നു.
കന്യാസ്ത്രീയുടെ ഡൽഹിയിലുള്ള ബന്ധുവാണ് തെൻറ ഭർത്താവുമായി ഇവർക്ക് അവിഹിതബന്ധമുണ്ടെന്ന് പരാതി നൽകിയത്. ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്നും ഇതുമൂലം താൻ ആത്മഹത്യയുടെ വക്കിലാണെന്നുമായിരുന്നു അതിൽ പറഞ്ഞിരുന്നത്.
ഇൗ പരാതി തെൻറ അധികാര പരിധിക്കപ്പുറമായിരുന്നതിനാൽ രൂപത അധ്യക്ഷനായ ബിഷപ് ഫ്രാേങ്കാ മുളക്കലിന് കൈമാറി. സഭ അന്വേഷണം നടത്തിയെങ്കിലും സഹകരിക്കാൻ കന്യാസ്ത്രീ തയാറായില്ലെന്നും ദൃശ്യമാധ്യമത്തോട് സംസാരിക്കവെ റെജീന ആരോപിച്ചു. സുപ്പീരിയർ സ്ഥാനത്തുനിന്ന് നീക്കിയതിെൻറ വൈരാഗ്യവും പരാതിക്കാരിക്കുണ്ട്. ജൂണിലാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച് തനിക്ക് കത്ത് നൽകിയത്. ബിഷപ്പിനെക്കുറിച്ച് മുമ്പ് ഒരു പരാതിയും ലഭിച്ചിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് ആരും മോശം അഭിപ്രായം പറഞ്ഞിട്ടില്ലെന്നും റെജീന പറഞ്ഞു. മിഷനറീസ് ഒാഫ് ജീസസിലാണ് പരാതിക്കാരിയായ കന്യാസ്ത്രീയും പ്രവർത്തിക്കുന്നത്.
കര്ദിനാളിെൻറയും പാലാ ബിഷപ്പിെൻറയും മൊഴിയെടുക്കും
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ ലൈംഗികാരോപണക്കേസിൽ കര്‍ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം അദ്ദേഹത്തിെൻറ സമയം ചോദിച്ചു. ശനിയാഴ്ച പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെയും മൊഴിയെടുക്കും.
ഇവർ മൂന്നുപേർക്കും ബിഷപ്പിനെതിരായ പരാതി നൽകിയിരുന്നതായി പൊലീസിന് കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.
ഇതിെൻറ സ്ഥിരീകരണത്തിനും വിശദാംശങ്ങൾ അറിയാനുമാണ് ഇവരുടെ മൊഴി എടുക്കുന്നതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. അതേസമയം, ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും സന്യാസിനി സഭയുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ ചില പരാതികളാണ് പറഞ്ഞതെന്നുമാണ് പാലാ ബിഷപ്പിനോട് അടുപ്പമുള്ളവരുടെ ഭാഷ്യം. ബുധനാഴ്ചക്ക് മുമ്പ് പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനും അന്വേഷണ സംഘത്തിെൻറ യോഗത്തിൽ തീരുമാനമായി. പീഡനം നടന്നുെവന്ന് കന്യാസ്ത്രീ പറഞ്ഞ കാലത്ത് ഒപ്പം താമസിച്ചിരുന്നവരുടെ മൊഴി ഇതിനുള്ളിൽ രേഖപ്പെടുത്തും. ബിഷപ്പിെൻറ ഭീഷണിയിൽ 18 കന്യാസ്ത്രീകൾ പട്ടം ഉപേക്ഷിച്ച് പോയതായി വിവരം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്തി മൊഴി എടുക്കും. മൊഴി എടുക്കുന്നതുവരെ രാജ്യം വിട്ടുപോകരുതെന്ന് ബിഷപ്പിനെ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍നിന്ന് ശേഖരിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുെടയും അടിസ്ഥാനത്തിലാകും അന്വേഷണ സംഘം ബിഷപ്പിനെ ജലന്ധറില്‍ എത്തി ചോദ്യംചെയ്യുകയെന്ന് ഹരിശങ്കർ പറഞ്ഞു. അതിനിടെ, അന്വേഷണ സംഘത്തിന് ഒരു സമ്മർദമില്ലെന്നും വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയുള്ളൂവെന്നും ഡി.ജി.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
