അഭിമാനം, ഈ ഗഗനനിയോഗം
text_fieldsപ്രശാന്ത്
ബാലകൃഷ്ണൻ
നെന്മാറ (പാലക്കാട്): കൺമുന്നിൽ കളിച്ചുവളർന്ന കൊച്ചു ബാലൻ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഇന്ത്യൻ ദൗത്യത്തിന്റെ തലവനായി ഉയരുമ്പോൾ, പ്രശാന്തിന്റെ നേട്ടത്തിൽ അയൽവാസികളുടെയും നാട്ടുകാരുടെയും ആഹ്ലാദം വാനോളം. ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ.
ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകൻ. നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിൽ. പിന്നീട് പല്ലാവൂർ ചിന്മയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെ പഠിച്ചത്. എൻട്രൻസ് പരീക്ഷക്ക് ശേഷം എൻ.ഡി.എ (നാഷനൽ ഡിഫൻസ് അക്കാദമി) പുണെയിൽ പ്രവേശനം ലഭിച്ചതിന് ശേഷം പഠനം പൂർത്തിയാക്കി ഇന്ത്യൻ പ്രതിരോധ സേനയിൽ ചേരുകയായിരുന്നു.
നിലവിൽ പിതാവ് ബാലകൃഷ്ണൻ നായരും മാതാവ് പ്രമീളയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. മൂന്നു പതിറ്റാണ്ടു മുമ്പുള്ള ഓർമകളാണ് അയൽവാസികളായ അമ്മമാരുടെ മനസ്സിൽ മുഴുവൻ. കുടുംബം നെന്മാറയിലെ പഴയ ഗ്രാമത്തിലെത്തിയ ശേഷമാണ് പ്രശാന്ത് പല്ലാവൂരിലെ സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങിയത്. ഒരു വർഷം മുമ്പ് പ്രശാന്ത് വീട്ടിൽ വന്നിരുന്നതായി അവർ പറഞ്ഞു. ഗഗൻയാൻ വാർത്ത പുറത്തുവന്നതോടെ ദൗത്യ അംഗം പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് പഴയ ഗ്രാമത്തിലെ വീട്ടിലെത്തിയത്.
എന്നാൽ, വീട് പൂട്ടിക്കിടക്കുന്നത് കണ്ടപ്പോൾ വീട് അന്വേഷിച്ചു വന്നവർക്ക് നിരാശയായി. മാതാവ് പ്രമീളയും അച്ഛൻ ബാലകൃഷ്ണൻ നായരും ദിവസങ്ങൾക്കു മുമ്പേ പ്രധാനമന്ത്രിയുടെ തിരുവനന്തപുരം വി.എസ്.എസ്.സി പരിപാടിയുമായി ബന്ധപ്പെട്ട് സഹോദരിയുടെ വീട് സന്ദർശിച്ച ശേഷം പ്രത്യേക ക്ഷണിതാക്കളായി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിരുന്നു. അതീവ സുരക്ഷ ആയതിനാൽ അയൽക്കാർക്കും ബന്ധുക്കൾക്കും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉള്ളതിനാൽ ബന്ധുക്കളും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ മടിച്ചു. വിവരമറിഞ്ഞ് കെ. ബാബു എം.എൽ.എ, പഞ്ചായത്ത് അംഗം, നെന്മാറ വേല കമ്മിറ്റി ഭാരവാഹികൾ, എ.കെ. നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സമീപത്തെ ഗവ. എൽ.പി സ്കൂൾ അധ്യാപകർ, നാട്ടുകാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അഭിനന്ദനവുമായി എത്തി.
അച്ഛനും അമ്മയും ഇല്ലാത്തതിനാൽ അടഞ്ഞുകിടക്കുന്ന വീടിന്റെ പരിസരത്ത് എത്തിയവർ നാടിന് അഭിമാനമായ പ്രശാന്ത് നായർക്കും കുടുംബാംഗങ്ങൾക്കുമുള്ള അഭിനന്ദനങ്ങളും ആശംസകളും മാധ്യമങ്ങളെ അറിയിച്ച് മടങ്ങി.
പ്രശാന്ത് ബാലകൃഷ്ണൻ നാട്ടിലെത്തിയാൽ ഗംഭീര സ്വീകരണം ഒരുക്കുമെന്ന് എം.എൽ.എയും നെന്മാറ വേല കമ്മിറ്റി ഭാരവാഹികളും അറിയിച്ചു. വിവരമറിഞ്ഞ് ദൃശ്യമാധ്യമപ്രവർത്തകരും എത്തിയതോടെ നെന്മാറ പഴയ ഗ്രാമത്തെ വീടിന് മുന്നിൽ വൻ ജനക്കൂട്ടം ഉണ്ടായി. പലർക്കും മാധ്യമപ്രവർത്തകർ എത്തിയതിന് ശേഷമാണ് കാര്യം മനസ്സിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

