Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണത്തിന് ആഴ്ചകൾ...

ഓണത്തിന് ആഴ്ചകൾ മാത്രം; സംസ്ഥാനത്ത് അരിക്കും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരുന്നു

text_fields
bookmark_border
ഓണത്തിന് ആഴ്ചകൾ മാത്രം; സംസ്ഥാനത്ത് അരിക്കും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരുന്നു
cancel

തിരുവനന്തപുരം: ഓണത്തിന് ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് അരിക്കും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരുന്നു. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ നെല്ലുൽപാദന സംസ്ഥാനങ്ങളിൽ ഈ സീസണിൽ നെൽക്കൃഷി ഇറക്കുന്നതിലെ അനിശ്ചിതത്വമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഇതിനുപുറമേ, കേരളത്തിൽ തേങ്ങ ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വെളിച്ചെണ്ണ വിലയിലും കിലോയ്ക്ക് പത്തു രൂപ വരെ വർധനയുണ്ടായിട്ടുണ്ട്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതുമാണ് ഇതര സംസ്ഥാനങ്ങളിലെ നെൽക്കൃഷിയെ പ്രതികൂലമായി ബാധിച്ചത്.

അയൽ സംസ്ഥാനങ്ങളിലെ പ്രധാന നെല്ലുൽപാദന മേഖലകളിൽ കർഷകർ കൃഷിയിറക്കാതെ മാറിനിൽക്കുകയാണ്. സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് കേരളത്തിൽ അരിവില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. എന്നാൽ, കൃത്രിമ വിലക്കയറ്റത്തിനുള്ള നീക്കമാണോ ഇതെന്ന സംശയത്തിലാണ് സർക്കാർ ഏജൻസികൾ. ഊഹക്കച്ചവടവും അമിത സംഭരണവും വർധിക്കുന്നത് വിപണിയിൽ ലഭ്യതക്കുറവിന് കാരണമാകുന്നുണ്ട്.

ചരക്കുകൂലി വർധനയും വിപണിക്ക് വലിയ ആഘാതമാകുന്നുണ്ട്. അരിയുമായി വരുന്ന ഒരു ട്രക്കിന് മൂന്ന് മാസം മുമ്പ് നൽകിയതിനേക്കാൾ 10,000 മുതൽ 20,000 രൂപ വരെയാണ് നിലവിൽ മൊത്തക്കച്ചവടക്കാർ വാടക നൽകേണ്ടി വരുന്നത്. കൂടാതെ, ഒഡീഷയിൽ നിന്നും മറ്റും അരി വൻതോതിൽ വിദേശത്തേക്ക് കയറ്റി അയക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അരി കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളും തീരുവയും കേന്ദ്ര സർക്കാർ നീക്കിയതാണ് കയറ്റുമതി വർധിക്കാൻ കാരണം. അതേസമയം, ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി എഫ്.സി.ഐയിൽ നിന്നുള്ള അരി മൊത്തവ്യാപാരികൾക്കും സപ്ലൈകോ ഉൾപ്പെടെയുള്ള ഏജൻസികൾക്കും ലഭ്യമാക്കാനുള്ള ഇ-ലേലത്തിന് കേന്ദ്ര സർക്കാർ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.

അരിയുടെ രണ്ടാഴ്ചയ്ക്കിടെയുള്ള മൊത്ത വിപണി വില വർധന ഇങ്ങനെയണ്: ആന്ധ്ര ജയയ്ക്ക് 42 രൂപയുണ്ടായിരുന്നത് 45 രൂപ വരെയായും, കർണാടക വടി മട്ടയ്ക്ക് 55 രൂപയിൽ നിന്ന് 58 രൂപയായും വർധിച്ചു. കർണാടക പച്ചരിയുടെ വില 29.50 രൂപയിൽ നിന്ന് 32 രൂപയായും, തമിഴ്‌നാട് കുറുവയുടെ വില 34 രൂപയിൽ നിന്ന് 40 രൂപയായും ഉയർന്നു. ഒഡീഷ കുറുവ അരിക്ക് 34 രൂപയായിരുന്നത് 40 രൂപയായും, ആന്ധ്ര സുലേഖയ്ക്ക് 42 രൂപയായിരുന്നത് 49 രൂപയായും കൂടിയിട്ടുണ്ട്. തെലങ്കാന സോന മസൂരി ഇനത്തിനാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയിട്ടുള്ളത്; 45 രൂപയുണ്ടായിരുന്ന ഈ അരിയുടെ വില നിലവിൽ 65 രൂപയായാണ് കുതിച്ചുയർന്നിരിക്കുന്നത്.

ഇത് ചില്ലറ വിപണിയിലെത്തുമ്പോൾ ഇതിലും അധികം തുക ഉപഭോക്താക്കൾ നൽകേണ്ടി വരും. വിപണിയിൽ ഇടപെടാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riceCoconut OilOnam.foodsafety
News Summary - Prices of rice and coconut oil are rising sharply in the state
Next Story