വൻ വില വർധന, നിർമ്മാണ മേഖല നിശ്ചലം
text_fieldsപാലക്കാട്: സിമൻറ്, പി.വി.സി. പൈപ്പ് ആന്‍റ് മെറ്റീരിയൽസ്, ഹൗസിംഗ് വയർ,ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് ആറ് മാസത്തിനിടയിൽ 20 ശതമാനം മുതൽ 55 ശതമാനം വരെ വില വർധന. കോവിഡ് മഹാമാരി മൂലം ജനങ്ങൾ ഗുരുതര സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വേളയിൽ നിർമ്മാണ ഉൽപ്പന്നങ്ങൾക്ക് നിരന്തരം വില വർധന വരുന്നതിനാൽ പുനരാരംഭിച്ച നിർമ്മാണ പ്രവർത്തനം വീണ്ടും നിശ്ചലമായി.ഇതോടെ ഉപജീവന മാർഗം നഷ്ടമാവുന്നവർനിരവധിയാണ്.
ലോക് ഡൗൺ തുടങ്ങുന്നതിനു മുമ്പ് പ്രമുഖ ബ്രാൻഡുകളുടെ സിമൻറ് ബാഗിെൻറ മാർക്കറ്റ് വില 300 രൂപ മുതൽ 340 രൂപ വരെ ആയിരുന്നു. ലോക് ഡൗണിനു ശേഷം സിമൻറ് നിർമ്മാണ കമ്പനികൾ ഒറ്റയടിത്ത് 25 ശതമാനം കൂടുതൽ വില വർധന വരുത്തി 50 കിലോഗ്രാം വരുന്ന സിമൻറ് ബാഗിനു 390 രൂപ മുതൽ 430 വരെ ആക്കി.
ഒക്ടോബർ 27 മുതൽ വീണ്ടും 20 മുതൽ 30 ശതമാനംവരെ വില കൂട്ടി. ഇപ്പോൾ മാർക്കറ്റ് വില 440 രൂപ മുതൽ 510 രൂപ വരെയാണ്. സംസ്ഥാനത്തെ സിമൻറ് ഉൽപ്പാദിപ്പിക്കുന്ന രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും വിപണിയിൽ കാര്യമായി ഇടപെടൽ നടത്താറില്ല.
അസംസ്കൃത വസ്തുക്കളുടെ വില വർധന കാണിച്ച് പി.വി.സി. പൈപ്പ്, ഫിറ്റിംഗ് സ്, ഹൗസ് വയർ, മറ്റു ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണ കമ്പനികൾ ആറ് മാസത്തിനിടയിൽ 20 മുതൽ 40ശതമാനം വരെ വില വർധനയാണ് വരുത്തിയത്.
എം-സാൻറ്, ഇഷ്ടിക, മെറ്റൽ, ചെങ്കൽ, സിമൻറ്, ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർധന പിടിച്ച് നിർത്തുന്നതിൽ സർക്കാർ പാടെ പരാജയപ്പെട്ടെന്നാണ് ആക്ഷേപം.