അടുക്കളക്കാര്യം കട്ടപ്പൊക
text_fieldsതിരുവനന്തപുരം: കുടുംബ ബജറ്റ് തെറ്റിച്ച് സംസ്ഥാനത്ത് അവശ്യസാധന വില കുതിച്ചുയരുന്നു. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില സർവകാല റെക്കോഡിലേക്ക് കുതിക്കുമ്പോൾ പച്ചക്കറികൾക്കും തീ വിലയാണ്. മുമ്പ് കുതിച്ചുയർന്ന മുരിങ്ങവില ഒന്ന് താഴ്ന്ന് വീണ്ടും ഉയർന്നു. ഒരാഴ്ചമുമ്പ് 200 രൂപയായിരുന്ന ഒരു കിലോ മുരിങ്ങക്ക് ഞായറാഴ്ച തിരുവനന്തപുരം നഗരത്തിൽ 280 രൂപയാണ്. ഇഞ്ചിക്ക് 20 രൂപ വർധിച്ച് 140 ആയി. ഒരാഴ്ചമുമ്പ് 48 രൂപയായിരുന്ന ഒരുകിലോ ക്യാരറ്റിന് ചാല മാർക്കറ്റിൽ ഇന്നലത്തെ വില 60 രൂപയാണ്. അമര, കത്തിരി, തക്കാളി, ക്യാപ്സിക്കം, ബീറ്റ്റൂട്ട്, െചറിയ മുളക്, വലിയമുളക്, ബീൻസ് എന്നിവയുടെ വിലയിലും അഞ്ച് മുതൽ 10 രൂപയുടെ വർധന രണ്ട് ദിവസത്തിനിടയിൽ ഉണ്ടായി. വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കുമെന്ന് കച്ചവടക്കാർ പറയുന്നു. ഒരാഴ്ചമുമ്പ് വരെ അഞ്ച് രൂപയായിരുന്ന മുട്ട 50 പൈസ കൂടി. ക്രിസ്മസ് സീസൺ ആകുമ്പോഴും ആറിലേക്ക് എത്തുമെന്ന് വ്യാപാരികൾ പറയുന്നു. കൊച്ചിയിൽ മുരിങ്ങക്ക് 250 രൂപയാണ് വില. കാരറ്റ് ഒരിനത്തിന് 35ഉം മറ്റൊന്നിന് 50 രൂപയുമാണ്. സവാളക്ക് 88ഉം ഉള്ളിക്ക് 115ഉം ആണ് കൊച്ചിയിലെ ഞായറാഴ്ചത്തെ വില.
ഹോർട്ടികോപ്പിലും
തീവില
ഹോട്ടികോർപ്പിലും വിപണി വിലയേക്കാൾ അധികമാണ് ഈടാക്കുന്നത്. പൊതുവിപണിയിൽ ഒരു കിലോ കത്തിരിക്ക് 40 രൂപ. ഹോർട്ടികോർപ്പിൽ 46 . 30 രൂപയുള്ള തക്കാളിക്ക് 42 രൂപ. ഒരുകി ലോ വലിയ നാരങ്ങക്ക് പേട്ട മാർക്കറ്റിൽ 70 രൂപയാണെങ്കിൽ ഹോർട്ടികോർപ്പിൽ 90 രൂപ. നാടൻ പച്ചക്കറികളാണ് വിൽക്കുന്നതെന്ന അവകാശവാദത്തിലാണ് വർധന. കേര വെളിച്ചെണ്ണക്ക് ലിറ്ററിന് 202 രൂപയാണ്. സവാള 10ന്
എത്തും
ഒരാഴ്ചമുമ്പ് 200 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇന്നലെ പാളയം മാർക്കറ്റിൽ 260 രൂപയാണ്. സവാള 115-120 രൂപയും ചെറിയ ഉള്ളിക്ക് 120-140 രൂപയുമാണ് വില. രാജ്യത്ത് രാജസ്ഥാനിൽ മാത്രമാണ് നിലവിൽ സവാളയുള്ളത്. കേരളത്തിലേക്ക് എത്തിക്കുമ്പോൾ 90 ന് മുകളിൽ ചെലവ് വരുമെന്ന് സപ്ലൈകോ എം.ഡി സതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത് മറികടക്കാൻ വിദേശത്തുനിന്നു 150 മെട്രിക് ടൺ സവാള ഇറക്കുമതി ചെയ്യാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഈ മാസം 10ന് ഈജിപ്തിൽനിന്ന് മുംബൈയിലേക്ക് സവാള എത്തും. പരിശോധിച്ചശേഷം നാഫെഡ് വഴി കേരളത്തിലെത്തിക്കും.
സാധനങ്ങൾ
കിട്ടാനില്ല
പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിന് അരിയടക്കം 13 ഇനം അവശ്യസാധനങ്ങൾക്ക് സർക്കാർ സബ്സിഡി അനുവദിച്ചിരുന്നെങ്കിലും വിലക്കയറ്റം രൂക്ഷമായതോടെ സപ്ലൈകോയിലടക്കം സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. വടക്കൻ ജില്ലകളിലെ സപ്ലൈകോ വിൽപനശാലകളെയാണ് ക്ഷാമം രൂക്ഷമായി ബാധിച്ചത്. സപ്ലൈകോയുടെ ഭൂരിഭാഗം യൂനിറ്റുകളിലും 25 രൂപക്ക് ലഭിച്ച ജയ അരി കിട്ടാനില്ല.
കടത്തിൽ മുങ്ങി
സപ്ലൈകോ
സാധനങ്ങൾ വാങ്ങിയവകയിൽ ചെറുകിട വിതരണക്കാര്ക്ക് 250 കോടി സപ്ലൈകോ നൽകാനുണ്ട്. ഇതോടെ ഈ മാസം അഞ്ചുമുതല് സ്പ്ലൈകോക്ക് സാധനങ്ങൾ നൽകേെണ്ടന്നാണ് ചെറുകിട വിതരണക്കാരുടെ സംഘടനയായ കെ.എസ്.എസ്.എ തീരുമാനം. തീരുമാനം ക്രിസ്മസ് വിപണിയെയും പ്രതികൂലമായി ബാധിക്കും.
ഈ മാസം അഞ്ചിന് തിരുവനന്തപുരത്തെ സ്പ്ലൈകോ മേഖലാ ഒാഫിസ് ഉപരോധിക്കാനും സ്പ്ലൈകോ സപ്ലൈയേഴ്സ് അസോസിയേഷന് തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്ക്കാറുകളില്നിന്ന് ലഭിക്കേണ്ട 450 കോടി സബ്സിഡി തുക വൈകുന്നതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് സപ്ലൈകോ വിശദീകരണം.
സവാള വരും തുർക്കിയിൽനിന്ന്
ന്യൂഡൽഹി: വില വാണംവിട്ടപോലെ കുതിച്ചുയരുന്നതിനിടെ തുർക്കിയിൽനിന്നുള്ള സവാള വൈകാതെ െതാട്ടടുത്ത അങ്ങാടിയിൽനിന്ന് തൂക്കിവാങ്ങാം. 75ൽനിന്ന് 120ലേക്കും അതിന് മുകളിലേക്കും വില ഉയർന്നതോടെയാണ് കിട്ടാവുന്നിടത്തുനിന്നെല്ലാം സവാള വാങ്ങാൻ ശ്രമം നടക്കുന്നത്. ഇതിെൻറ ഭാഗമായി തുർക്കിയിൽനിന്ന് 11,000 ടൺ സവാള ഇറക്കുമതി ചെയ്യും. സർക്കാർ നിയന്ത്രണത്തിലുള്ള എം.എം.ടി.സിയാണ് ഇറക്കുമതി നടത്തുന്നത്. ഇവർ ഈജിപ്തിൽനിന്ന് 6,090 ടൺ നേരത്തേ ഇറക്കുമതി ചെയ്തിരുന്നു. നവംബറിൽ 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വൻതോതിലുള്ള കരുതൽ സൂക്ഷിപ്പും നിരോധിച്ചിട്ടുണ്ട്. അതേസമയം, ജനുവരിയോടെയേ തുർക്കിയിൽനിന്നുള്ള ഉള്ളി എത്താനിടയുള്ളൂ എന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. അതുകൊണ്ടുതന്നെ പെട്ടെന്ന് വില കുറയാനുള്ള സാധ്യത കുറവാണ്.
ഉള്ളിവില പിടിച്ചുനിർത്താനുള്ള നടപടി ക്രമങ്ങൾ ഏകീകരിക്കാനായി മന്ത്രിതല സമിതിയും കേന്ദ്രസർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് അധ്യക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
