വിദ്യാർഥികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ; കർമപദ്ധതി നടപ്പാക്കാൻ ഉത്തരവിടണമെന്ന് കോടതി
text_fieldsകൊച്ചി: വിദ്യാർഥികൾ ലൈംഗികാതിക്രമങ്ങൾക്കിരയാകുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട കർമപദ്ധതികൾ കർശനമായി നടപ്പാക്കാൻ സർക്കാറും സി.ബി.എസ്.ഇയും ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈകോടതി.
സ്കൂൾ സിലബസിന്റെ ഭാഗമായി ഇതെങ്ങനെ നടപ്പാക്കാനാകുമെന്ന് പരിശോധിക്കാൻ രണ്ട് മാസത്തിനകം വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. വിദഗ്ധ സമിതി ആറ് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും 2023-24 അക്കാദമിക് വർഷം മുതൽ നടപ്പാക്കാൻ കഴിയുന്ന വിധത്തിൽ ഉത്തരവിടണമെന്നുമാണ് കോടതി നിർദേശം.
23 വയസ്സുകാരനിൽനിന്ന് 15കാരി ഗർഭിണിയായ സംഭവത്തിലെ പ്രതിയുടെ ജാമ്യ ഹരജിയാണ് കോടതിയുടെ പരിഗണനക്കെത്തിയത്. ഇരുവരും പ്രണയബദ്ധരായിരുന്നതിനാൽ പെൺകുട്ടി ഗർഭഛിദ്രത്തിന് തയാറായില്ല. പ്രതിയും വീട്ടുകാരും പെൺകുട്ടിയെ സ്വീകരിക്കാനും തയാറായിരുന്നു.
എന്നാൽ, നിയമത്തിന് മുന്നിൽ പ്രതിയും ഇരയുമാണ് ഇവരെന്ന് കോടതി വിലയിരുത്തി. ഇതറിയാതെയാണ് പലരും ഇത്തരം കേസുകളിൽപെടുന്നത്. പോക്സോ കേസിലുൾപ്പെട്ടാൽ കുറഞ്ഞത് 20 വർഷം വരെ തടവിന് ശിക്ഷിക്കപ്പെടാമെന്നത് പോലും പലർക്കുമറിയില്ല.
ലൈംഗികാതിക്രമം തടയാനുള്ള ബോധവത്കരണത്തിന് സി.ബി.എസ്.ഇ 2014ലും 2017ലും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത് ഗുണകരമാണെന്ന് വിലയിരുത്തിയ കോടതി, ഇക്കാര്യത്തിൽ 2015ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സർക്കുലർ പര്യാപ്തമല്ലെന്നും അഭിപ്രായപ്പെട്ടു.
ബോധവത്കരണത്തിന്റെ ഭാഗമായി ഇപ്പോൾ ഉപയോഗിക്കുന്ന ഗുഡ് ടച്ച് (നല്ല സ്പർശം) ബാഡ് ടച്ച് ( മോശം സ്പർശം) തുടങ്ങിയ വാക്കുകൾക്ക് പകരം സുരക്ഷിത സ്പർശം (സേഫ് ടച്ച്) സുരക്ഷിതമല്ലാത്ത സ്പർശം (അൺ സേഫ് ടച്ച്) അനാവശ്യ സ്പർശം (അൺ വാണ്ടഡ് ടച്ച്) എന്നിങ്ങനെ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. തെറ്റായ ആരോപണങ്ങൾ ഒഴിവാക്കുന്നതിനും ഇത് ഉപകരിക്കും. കോടതി കഴിഞ്ഞ ജൂൺ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

