പാർട്ടിയിൽ സമ്മർദം; സജി ചെറിയാൻ തിരുത്തണം
text_fieldsസജി ചെറിയാൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എമ്മിനുണ്ടായിരുന്ന വിശ്വാസ്യതയെ ബാധിക്കും വിധം കത്തുകയും പുതിയ തലങ്ങളിലേക്ക് പടരുകയും ചെയ്തതോടെ തിരുത്ത് വേണമെന്ന വാദം പാർട്ടിയിൽ ശക്തം.
സജിയുടെ പ്രതികരണത്തെക്കുറിച്ച് നേർക്കുനേർ പ്രതികരിക്കാൻ വിസമ്മതിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ‘വർഗീയത പറയുന്ന ആരുടെയും നിലപാടിനോട് സി.പി.എമ്മിന് യോജിപ്പില്ലെന്നാ’ണ് വ്യക്തമാക്കിയത്. ഇത് മന്ത്രിയെ പിന്തുണക്കാനോ ന്യായീകരിക്കാനോ പാർട്ടിയില്ലെന്ന കൃത്യമായ സൂചനയാണ് നൽകുന്നത്. പരാമർശം നാക്കുപിഴ എന്നതിലുപരി പാർട്ടിയുടെ നയപരമായ പാളിച്ചയായി ചിത്രീകരിക്കപ്പെടുന്നത് സി.പി.എമ്മിന് വലിയ രാഷ്ട്രീയ തലവേദനയാണ്.
ന്യൂനപക്ഷങ്ങൾക്ക് പാർട്ടിയിലുണ്ടായ വിശ്വാസ്യതാനഷ്ടം പരിഹരിക്കാനുള്ള ശ്രമം പാളം തെറ്റുന്നുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് സി.പി.എം തിരുത്തലിലേക്ക് നീങ്ങുന്നത്.
പ്രതിപക്ഷം നിയമസഭയിലും പുറത്തും വിവാദം ആയുധമാക്കുമെന്ന സാഹചര്യം കൂടി ഈ തിരിച്ചറിവിന് നിമിത്തമായിട്ടുണ്ട്. സജി ചെറിയാൻ തന്നെ മാധ്യമങ്ങളെ കണ്ട് സാഹചര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം. താൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളല്ല സംസാരിച്ചതെന്നും ജില്ലകളുടെ പേര് പറഞ്ഞത് തെറ്റായ വ്യഖ്യാനങ്ങൾക്ക് ഇടനൽകുംവിധം വീഴ്ചയുണ്ടായി എന്നുമാണ് സജി പാർട്ടിക്ക് നൽകിയ വിശദീകരണം. ഇത് തന്നെയാണ് വിവാദം തണുപ്പിക്കാൻ മാധ്യമങ്ങൾക്ക് മുന്നിലും ആവർത്തിക്കുക. സജി ചെറിയാന്റേത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന വിശദീകരണമുണ്ടാകാനും സാധ്യതയുണ്ട്.
വർഗീയ ധ്രുവീകരണത്തിനെതിരെ സംസാരിക്കുമ്പോൾ തന്നെ, മറുഭാഗത്ത് പ്രത്യേക ജനവിഭാഗത്തെയും ജില്ലയെയും ഉന്നംവെച്ചുള്ള പാർട്ടി സെക്രട്ടറിയേറ്റ് അംഗത്തിന്റെ പരാമർശം അനുചിതമായെന്ന വിലയിരുത്തലിലാണ് പാർട്ടി.
വർഗീയത പറയുന്നവരോട് യോജിപ്പില്ല
വർഗീയതക്കെതിരെ രാജ്യത്ത് അതിശക്തമായ നിലപാടെടുക്കുന്ന പാർട്ടിയാണ് സി.പി.എം. വർഗീയത പറയുന്നവരോട് സി.പി.എമ്മിന് യോജിപ്പില്ല. സി.പി.എമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഒരു വർഗീയ പരാമർശവും ഉണ്ടാകരുത്.
എം.വി. ഗോവിന്ദൻ
(സി.പി.എം സംസ്ഥാന സെക്രട്ടറി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

