ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം താഴ്‌ന്നനിലയിൽ, ഒൻപത് വർഷത്തിനിടെ കൊല്ലപ്പെട്ടത് 31 പത്രപ്രവർത്തകർ -മുഖ്യമന്ത്രി
text_fieldsഫയൽ
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും മാധ്യമ സ്വാതന്ത്ര്യം താഴ്ന്നനിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അമ്പതാണ്ട് തികഞ്ഞിരിക്കുന്ന സന്ദർഭമാണിത്. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദുചെയ്തുകൊണ്ട് പൊതുപ്രവർത്തകരെയും എതിർചേരിയിൽ നിന്നവരെയും മാധ്യമങ്ങളെയും വേട്ടയാടിയ കാലത്തെ, അതൊക്കെ നേരിട്ടനുഭവിച്ചവർക്ക് ആശങ്കയോടുകൂടിയേ ഓർത്തെടുക്കാനാവൂ. നിലവിലെ സാഹചര്യത്തിലും മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണ്. അഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് കൊലചെയ്യുന്ന സംഭവം പോലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രാജ്യത്തെ 31 പത്രപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തകനും കേരളകൗമുദി പ്രത്യേക ലേഖകനുമായിരുന്ന കെ.ജി. പരമേശ്വരൻനായർ, ഏഴാച്ചേരി രാമചന്ദ്രൻ (ദേശാഭിമാനി), എൻ. അശോകൻ (മാതൃഭൂമി) എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന സർക്കാറിന്റെ മറ്റ് മാധ്യമ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. മാസ്‌കത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി എൻ. പ്രഭാവർമ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റജി കെ.പി, ജില്ല പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

