രാഷ്ട്രപതിയുടെ കേരളാ സന്ദർശനം തുടരുന്നു, ഇന്ന് മൂന്ന് പരിപാടികൾ; കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും, കോട്ടയത്തും ശിവഗിരിയിലും കർശന സുരക്ഷ
text_fieldsദ്രൗപദി മുർമു
കോട്ടയം/വർക്കല: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ രണ്ടാംദിന സന്ദർശനം തുടരുന്നു. കോട്ടയത്തെയും ശിവഗിരിയിലെയും പരിപാടികളിൽ ഇന്ന് പങ്കെടുത്തും. രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ശിവഗിരി സന്ദർശനത്തിനും ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച രാവിലെ 10.30ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടർന്നാണ് 11.55ന് വർക്കലയിലേക്ക് പുറപ്പെടുക. ഉച്ചക്ക് 12.30ന് പാപനാശം ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി റോഡ് മാർഗം ശിവഗിരിയിലെത്തും. 12.40ന് സമാധി മണ്ഡപം സന്ദർശിച്ച ശേഷം 12.50ന് തീർഥാടന സമ്മേളന വേദിയിലെത്തുന്ന രാഷ്ട്രപതി മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
ശിവഗിരി മഠത്തിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.40ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 3.50ന് പാലാ സെന്‍റ് തോമസ് കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും. പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് കോളജിലെ ഒരുമണിക്കൂർ നീളുന്ന പരിപാടിക്കു ശേഷം പാലായിൽ നിന്ന് ഹെലികോപ്ടറിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും. 6.20ന് റോഡ്മാർഗം രാഷ്ട്രപതി കുമരകം താജ് റിസോർട്ടിലെത്തും. കുമരകം താജ്ഹോട്ടലിൽ അത്താഴം കഴിച്ച് വിശ്രമിക്കുന്ന രാഷ്ട്രപതി 24ന് രാവിലെ 11ന് റോഡ്മാർഗം കോട്ടയത്തെത്തി അവിടെ നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്ടറിൽ മടങ്ങും.
വെള്ളിയാഴ്ച 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിലെ ചടങ്ങിൽ സംബന്ധിക്കും. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.10ന് ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകീട്ട് 3.45ന് നാവികസേന വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തി 4.15ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.
ശിവഗിരിൽ കർശന സുരക്ഷ
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശിവഗിരിയിൽ കർശന സുരക്ഷ ഏർപ്പെടുത്തി. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന ശ്രീനാരായണ ഗുരു സമാധി ശതാബ്ദി സമ്മേളനത്തിൽ സംബന്ധിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ കൈയിൽ കരുതണം. രാവിലെ 10 മുതല്‍ സമ്മേളന ഹാളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാം.
വലിയ ബാഗ്, കുപ്പിവെള്ളം എന്നിവ കൈവശം വെക്കാൻ അനുവദിക്കില്ല. ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചവർക്ക് സമ്മേളനം കഴിയുന്നതുവരെ പുറത്തുപോകാന്‍ അനുമതി ഉണ്ടാവില്ല. ശിവഗിരി സ്കൂള്‍, ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍, നഴ്സിങ് കോളജ് എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കി. മറ്റൊരിടത്തും പാര്‍ക്കിങ് അനുവദിക്കില്ല.
കോട്ടയത്ത് സ്കൂൾ പ്രവർത്തന സമയത്തിലും മാറ്റം
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു നഗരത്തിൽ കർശന ഗതാഗത നിയന്ത്രണമാണ്. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച ഉച്ചവരെ രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുൾപ്പെടെ കർശനമായി നിരോധിച്ചു.
കനത്ത സുരക്ഷയിലാണ് പാലായും കോട്ടയവും കുമരകവും. രാഷ്ട്രപതി കടന്നു പോകുന്ന റോഡിന് ഇരുവശവും ബാരിക്കേഡ് ഏറെക്കുറെ പൂർത്തിയായി. കോട്ടയത്തുനിന്ന് കുമരകത്തേക്ക് രാഷ്ട്രപതിക്ക് സഞ്ചരിക്കേണ്ട വാഹനവ്യൂഹത്തിന്റെ ട്രയൽ റൺ നടത്തി. രാഷ്ട്രപതി സഞ്ചരിക്കുന്ന ഹെലികോപ്ടർ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഇറക്കിയും ട്രയൽ നടത്തി.
രണ്ടു ദിവസവും സ്കൂൾ പ്രവർത്തന സമയത്തിലും മാറ്റമുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 23ന് ജില്ലയിലെ എല്ലാ സ്കൂളും വൈകുന്നരം മൂന്നിന് മുമ്പ് പ്രവർത്തനം അവസാനിപ്പിക്കണം. 24ന് കോട്ടയം താലൂക്കിലെ എല്ലാ സ്കൂളും രാവിലെ 8.30ന് മുമ്പ് പ്രവർത്തനം ആരംഭിക്കണം.
വ്യോമസുരക്ഷ ക്രമീകരണ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ 23ന് ഉച്ചക്ക് 12 മുതൽ 24ന് ഉച്ചക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎ.വികളും പറത്തുന്നതു കലക്ടർ നിരോധിച്ചു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്‍റ് തോമസ് കോളജ്, പാലാ മുനിസിപ്പൽ സ്റ്റേഡിയം, കോട്ടയം സി.എം.എസ് കോളജ് ഗ്രൗണ്ട്, കോട്ടയം നെഹ്റു സ്റ്റേഡിയം, കുമരകം താജ് ഹോട്ടൽ എന്നിവയുടെയും കോട്ടയം ജില്ലയിലെ മറ്റു ഹെലിപാഡുകളുടെയും സമീപസ്ഥലങ്ങളുടെയും വ്യോമമേഖലയിലാണ് നിരോധനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

