രാഷ്ട്രീയ അക്രമം കേരളത്തിന് തിരിച്ചടി -രാഷ്ട്രപതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളവും കേരളീയരും കൈവരിച്ച നേട്ടങ്ങൾക്ക് രാഷ്ട്രീയ ആക്രമണങ്ങൾ തിരിച്ചടിയാണെന്നും ജനാധിപത്യത്തിൽ ആക്രമണങ്ങൾക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ‘ജനാധിപത്യത്തിെൻറ ഉത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
സഹവർത്തിത്വത്തോടെയുള്ള സംവാദമെന്ന കേരളത്തിെൻറ ഡി.എൻ.എ സംരക്ഷിക്കപ്പെടണം. നിയമസഭയിലും അത് നിലനിർത്തണം. ഏതു മതത്തിൽ വിശ്വസിക്കുെന്നന്നോ വിശ്വാസിയല്ലെന്നോ ഉള്ളതല്ല പ്രധാനം. കഴിഞ്ഞ നൂറ്റാണ്ടുകളിൽ പോലും കേരളത്തിെൻറ സാമൂഹിക ചട്ടക്കൂട് സംവാദവും ചർച്ചയും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. സാമൂഹിക പരിഷ്കർത്താക്കളായ ആദി ശങ്കരാചാര്യ, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരുടെ വഴിയും അതായിരുന്നു.
മഹത്തായ വിശ്വാസങ്ങളുടെ ഇടയിൽ അവർ തമ്മിലുള്ള വ്യവഹാരം പ്രചോദനം പകർന്നു. ഹിന്ദു, ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ ആദ്യകാല ഗൃഹംകൂടിയാണ് കേരളം. കേരള മാതൃക വികസനത്തിെൻറ അടുത്ത ഘട്ടം യുവാക്കളെ ലക്ഷ്യമിട്ടാകണം. ലോക രാജ്യങ്ങളിലെ മലയാളിസാന്നിധ്യം കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ നേട്ടമാണ്. മാനവ വിഭവശേഷിയുടെ തലസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. സാക്ഷരത, പഞ്ചായത്തീരാജ് തുടങ്ങി സംസ്ഥാനം കൈവരിച്ച േനട്ടങ്ങളും രാഷ്ട്രപതി അനുസ്മരിച്ചു.
രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ, മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, ആർ. ശങ്കർ, സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, എ.കെ. ആൻറണി, ആദ്യ നിയമസഭയിൽ അംഗമായിരുന്ന വി.ആർ. കൃഷ്ണയ്യർ, കെ.ആർ. ഗൗരി എന്നിവർ നൽകിയ സംഭാവന രാഷ്ട്രപതി പരാമർശിച്ചു.
ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ സംസാരിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സ്വാഗതവും െഡപ്യൂട്ടി സ്പീക്കർ വി. ശശി നന്ദിയും പറഞ്ഞു. തുടർന്ന്, ‘സ്വതന്ത്ര ഇന്ത്യയിൽ പട്ടികജാതി-വർഗ ശാക്തീകരണം നേരിടുന്ന വെല്ലുവിളി’ വിഷയത്തിൽ സമ്മേളനം നടന്നു. 22 സംസ്ഥാനങ്ങൾ, രണ്ട് കേന്ദ്രഭരണപ്രദേശം എന്നിവിടങ്ങളിൽനിന്ന് ജനപ്രതിനിധികൾ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
