മാലയിട്ട്, കറുപ്പണിഞ്ഞെത്തിയ രാഷ്ട്രപതിക്ക് സുഖദർശനം
text_fieldsരാഷ്ട്രപതി ദ്രൗപദി മുർമു സന്നിധാനത്തെ വാവര് നടയിലെത്തിയപ്പോൾ
പത്തനംതിട്ട: മാലയിട്ട്, ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം. കറുപ്പ് സാരിയണിഞ്ഞെത്തിയ അവർ, പമ്പ സ്നാനത്തിന്റെ ഭാഗമായി ത്രിവേണിയിൽ പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് കാൽ നനച്ചശേഷമാണ് പമ്പ ഗണപതി ക്ഷേത്രത്തിലെത്തി കെട്ടുനിറച്ചത്. ഇവിടെ തേങ്ങയും ഉടച്ചു.
ക്ഷേത്രത്തിന് പിന്നിലുള്ള കെട്ടുനിറ മണ്ഡപത്തിലാണ് ഇരുമുടിക്കെട്ട് നിറച്ചത്. രാഷ്ട്രപതിതന്നെ നെയ്തേങ്ങ നിറച്ചു. തുടർന്ന് ശരണം വിളിയോടെ രാഷ്ട്രപതിയുടെ ശിരസ്സിലേക്ക് പമ്പ ഗണപതി ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി ഇരുമുടിക്കെട്ട് വെച്ചുനൽകി. നാലുപേർക്കായിരുന്നു കെട്ട് നിറച്ചത്. തുടർന്ന് രാഷ്ട്രപതിയും സംഘവും ക്ഷേത്രത്തിൽ പ്രദക്ഷിണവും നടത്തി. ക്ഷേത്രത്തിൽനിന്ന് പ്രസാദവും സ്വീകരിച്ചു.
ഇരുമുടിക്കെട്ടുമായിട്ടായിരുന്നു പതിനെട്ടാംപടി കയറ്റവും. ഒരുകൈയിൽ ഇരുമുടിക്കെട്ടുമായി നീങ്ങിയ രാഷ്ട്രപതി, രണ്ടുതവണ ഇടക്ക് നിന്നു. സുരക്ഷ ഉദ്യോഗസ്ഥൻ കൈപിടിച്ച് പടികൾ കയറാനും സഹായിച്ചു. മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രാം, സൗരഭ് എസ്. നായർ, വിനയ് മാത്തൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭക്തർക്ക് പ്രവേശമില്ലാതിരുന്നതിനാൽ വിജനമായിരുന്നു പതിനെട്ടാംപടിയും സന്നിധാനവും.
സോപാനത്ത് ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവർ ചേർന്ന് സ്വീകരിച്ചു. സന്നിധാനത്ത് രണ്ട് മിനിറ്റോളം തൊഴുത രാഷ്ട്രപതി അരമണിക്കൂറോളം സമയമെടുത്ത് ഉപക്ഷേത്രങ്ങളിലുമെത്തി. തിരുമുറ്റത്തെ വാവര് നടയിലെത്തിയപ്പോൾ ദേവസ്വം മന്ത്രി വി.എൻ. വാസവൻ അയ്യപ്പന്റെയും വാവരുടെയും സുഹൃദ്ബന്ധവും വിശദീകരിച്ചുനൽകി.
സന്നിധാനത്തെ ദേവസ്വം െഗസ്റ്റ് ഹൗസിൽ തങ്ങുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഉടൻ പമ്പയിലേക്ക് മടങ്ങി. സന്നിധാനത്തെ ദേവസ്വം െഗസ്റ്റ് ഹൗസിലേക്ക് ഏറെ പടികൾ ഉള്ളതിനാലായിരുന്നു മാറ്റം. ഒന്നേകാൽ മണിക്കൂറോളം പമ്പയിലെ ദേവസ്വം പൊതുമരാമത്ത് ഓഫിസ് കെട്ടിടത്തിൽ തങ്ങിയ രാഷ്ട്രപതി, പ്രത്യേകമായി കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. തുടർന്ന് 2.15ഓടെ മടങ്ങി. നേരത്തേ മേയിൽ ശബരിമലയിലെത്താൻ രാഷ്ട്രപതി തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-പാക് സംഘർഷ സാധ്യതയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
രാഷ്ട്രപതിയെത്തിയ ഹെലികോപ്ടറിന്റെ ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്നു; തള്ളി നീക്കി
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവുമായെത്തിയ ഹെലികോപ്ടറിന്റെ ഇടതുചക്രം കോൺക്രീറ്റിൽ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ തയാറാക്കിയ ഹെലിപ്പാഡിലെ കോൺക്രീറ്റിലാണ് ടയറുകൾ കുടുങ്ങിയത്. ശബരിമല സന്ദർശിക്കാനെത്തിയ രാഷ്ട്രപതി ഇറങ്ങിയശേഷമാണ് ഇത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ പൊലീസ്, അഗ്നിരക്ഷാസേന, ടെക്നിക്കൽ ഉദ്യോഗസ്ഥർ ചേർന്ന് മുന്നോട്ട് തള്ളിനീക്കി.
ഹെലികോപ്ടർ തള്ളുന്ന അപൂർവദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ ചർച്ചയായി. സുരക്ഷാവീഴ്ചയെന്ന ആക്ഷേപങ്ങളും ഉയർന്നു. എന്നാൽ, സംഭവത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് പത്തനംതിട്ട ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. വന്നിറങ്ങിയ സമയത്ത് ഹെലികോപ്ടറിന്റെ ചക്രം താഴ്ന്നുവെന്ന് പൈലറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇക്കാര്യം ആദ്യഘട്ടത്തിൽതന്നെ ശ്രദ്ധയിൽപെടുകയും രാഷ്ട്രപതി വാഹനത്തിൽ കയറിയശേഷം മറ്റുള്ളവരുടെ സഹായം തേടുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയർ താഴ്ന്നുപോകാനിടയാക്കിയത്. ലാൻഡിങ് മാർക്കിൽനിന്ന് നേരിയ വ്യത്യാസത്തിലായിരുന്നു ലാൻഡിങ്. ഇതും ടയറുകൾ താഴാൻ ഇടയാക്കിയെന്ന് പൊലീസും വിശദീകരിക്കുന്നു. പിന്നീട് ലാൻഡിങ് മാർക്കിലേക്ക് എത്തിക്കാനാണ് നേരിയതോതിൽ തള്ളിനീക്കിയതെന്നും ഇവർ പറയുന്നു. നേരത്തെ, രാഷ്ട്രപതി നിലയ്ക്കലിൽ ഇറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ഹെലിപാഡ് മാറ്റാനുള്ള തീരുമാനം. തുടർന്ന്, പൊലീസ് പ്രമാടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജീകരങ്ങൾ ഒരുക്കി. അതിനിടെ, ഹെലിപ്പാഡിൽ കോൺക്രീറ്റ് ഇടണമെന്ന നിർദേശം ജില്ല ഭരണകൂടത്തിന് ലഭിച്ചു.
തുടർന്ന് അതിവേഗത്തിൽ രാത്രിയിൽ ആരംഭിച്ച കോൺക്രീറ്റ് ജോലികൾ പുലർച്ചയാണ് പൂർത്തിയായത്. രാവിലെ ഏഴിനാണ് മാർക്കിങ് അടക്കം നടത്തിയത്. മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചിരുന്നതിൽ ആദ്യം രണ്ട് ഹെലികോപ്ടറുകളിറങ്ങി. മൂന്നാമത്തേതിൽ രാവിലെ 8.33ന് രാഷ്ട്രപതിയുമായി ഹെലികോപ്ടർ ലാൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പാണ് കോൺക്രീറ്റിങ് നടത്തിയത്. വ്യോമസേന ജീവനക്കാരുടെ നിർദേശപ്രകാരം അവർ ചൂണ്ടിക്കാട്ടിയ സ്ഥലത്താണ് കോൺക്രീറ്റ് ചെയ്തതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും പറഞ്ഞു.
രാവിലെ ടയറുകൾ താഴ്ന്ന ഹെലിപ്പാഡിൽനിന്നുതന്നെ വൈകീട്ട് 4.15ഓടെ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

