രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിൽ; ഉജ്ജ്വല സ്വീകരണം
text_fieldsകേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്നു
കൊച്ചി: കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ രാവിലെ 10.41ന് എത്തിയ രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാത്തൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എം പി മാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ, എന്നിവർ ചേർന്ന് സ്വീകരിച്ചു.
10.45 ന് രാഷ്ട്രപതി കാലടി ശ്രീ ശങ്കരാചാര്യ ക്ഷേത്രം സന്ദർശിച്ചു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡി.ജി.പി രവാഡചന്ദ്രശേഖർ, സതേൺ നേവൽ കമാൻഡ് റയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, ജില്ല കലക്ടർ ജി പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ എന്നിവർ രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
തുടർന്ന് തൃശൂർ ലുലു ഇന്‍റർനാഷനൽ കൺവെൻഷൻ സെന്ററിൽ വൈദ്യരത്‌നം ആയുർവേദ കോളജിന്റെ സുവർണ ജൂബിലി ആഘോഷ ഉദ്ഘാടനം നിർവഹിക്കും. ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷം കണ്ണൂർ ജില്ലയിലെ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെത്തി രാത്രി അവിടെ തങ്ങും. 28ന് രാവിലെ എട്ടിന് ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയാകും. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മിസോറാമിലേക്ക് പോകും.
ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി രണ്ട് കോളജുകൾക്ക് ഇന്ന് ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളജിനും ഗുരുവായൂർ ശ്രീകൃഷ്ണ കോളജിനുമാണ് അവധി. ഈ രണ്ട് കോളജുകളുടെയും മൈതാനങ്ങൾ ഹെലിപാഡുകളായി നിശ്ചയിച്ചതിനാലാണ് അവധി പ്രഖ്യാപിച്ചത്.

