ചലച്ചിത്ര അക്കാദമി: പ്രേംകുമാർ അതൃപ്തൻ?
text_fieldsതിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സ്ഥാനമേറ്റെടുത്ത ചടങ്ങിൽനിന്ന് മുൻ ചെയർമാൻ പ്രേംകുമാർ വിട്ടുനിന്നത് അതൃപ്തി കാരണമെന്ന് സൂചന. ചെയര്മാന് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ പ്രേംകുമാറിന് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് വിട്ടുനിന്നതെന്നുമാണ് അടുത്തവൃത്തങ്ങൾ പറയുന്നു.
ആശ വർക്കർമാരുടെ സമരത്തിന് അനുകൂലമായി പ്രേംകുമാര് പ്രസ്താവന നടത്തിയതാണ് സ്ഥാനചലനത്തിന് കാരണമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. അഭിപ്രായപ്രകടനത്തിന്റെ പേരിലല്ല മാറ്റം. മാറ്റിയ തീരുമാനം സർക്കാരിന്റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. കൂടുതൽ അഭിപ്രായപ്രകടനത്തിനില്ലെന്നും പ്രേംകുമാർ ഒരു ചാനലിനോട് വ്യക്തമാക്കി.
റസൂൽ പൂക്കുട്ടി സ്ഥാനമേറ്റു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം റസൂൽ പൂക്കുട്ടിയും ഉപാധ്യക്ഷ സ്ഥാനം കുക്കു പരമേശ്വരനും ഏറ്റെടുത്തു. ഗുരു തുല്യരായവർ ഇരുന്നിടത്താണ് താൻ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.
ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നതാണ് അഭിപ്രായം. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്കിന് കൂടി ഊന്നൽ കൊടുക്കും. പ്രേംകുമാറിന്റെ അസാന്നിധ്യത്തെപ്പറ്റി ചോദിച്ചപ്പോൾ വിളിക്കാൻ സമയം കിട്ടിയില്ല, മറ്റു വിവാദങ്ങളെ കുറിച്ച് അറിയില്ലെന്നും സാങ്കേതിക വിഭാഗത്തെ സർക്കാർ എത്ര നന്നായി കാണുന്നുവെന്നതിന് ഉദാഹരണമാണ് തന്റെ അധ്യക്ഷ സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

