കോട്ടയം മെഡിക്കൽ കോളജ്: പെർഫ്യൂഷനിസ്റ്റ് ട്രെയിനിക്ക് നേരേ ലൈംഗികാതിക്രമ ശ്രമം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി
text_fieldsകോട്ടയം: മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ വനിതാ പെർഫ്യൂഷനിസ്റ്റ് ട്രെയിനിക് നേരേ ലൈംഗികാതിക്രമ ശ്രമം നടന്നതായുളള പരാതിയുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോളജ് പ്രിൻസിപ്പൽ ആശുപത്രി സൂപ്രണ്ടിന് കൈമാറി. ആശുപത്രിയിൽ വനിതാ ജീവനക്കാർക്കെതിരെയുളള പരാതി അന്വേഷിക്കുന്ന വിമൻസ് ഇന്റേണൽ കമ്മറ്റിയായിരുന്നു പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് പ്രിൻസപ്പലിന് കൈമാറിയത്. പ്രിൻസിപ്പൽ സൂപ്രണ്ടിന് കൈമാറുകയായിരുന്നു.
ഹൃദയ ശസ്ത്രക്രീയ വിഭാഗത്തിലെ സീനിയർ പെർഫ്യൂഷനിസ്റ്റും താൽക്കാലിക ജീവനക്കാരനുമായ ആൾക്കെതിരെയാണ് യുവതി ഹൃദയ ശസ്ത്രക്രീയാ മേധാവി കൂടിയായ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. പരാതിക്കാരിയും പരാതിക്ക് വിധേയനായ ജീവനക്കാരനും ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽപ്പെട്ടവരായതിനാൽ പരാതി ആശുപത്രി സൂപ്രണ്ട് കോളജ് പ്രിൻസിപ്പലിന് കൈമാറിയിരുന്നു. തുടർന്നാണ് വിമൻസ് ഇന്റേണൽ കമ്മറ്റിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്
കഴിഞ്ഞ ആഴ്ചയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് പറയുന്നു. എന്നാൽ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഒരു ജീവനക്കാരനെതിരെ പരാതി ലഭിച്ചിരുന്നെന്നും സംഭവത്തെക്കുറിച്ച്, പ്രാഥമിക അന്വേഷണത്തി വിവരങ്ങൾ ആശുപത്രി സൂപ്രണ്ടിന് കൈമാറിയിട്ടുണ്ടെന്നും കോളജ് പ്രിൻസിപ്പൽ പറഞ്ഞു.

