അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ കോവിഡ് ബാധിക്കാത്ത ഗർഭിണിയെ ആളുമാറി കോവിഡ് വാർഡിലേക്ക് മാറ്റിയതായി പരാതി. കാക്കാഴം വെളിമ്പറമ്പിൽ മുനീറിെൻറ ഭാര്യ ഷംനയെയാണ് (29) കോവിഡ് വാർഡിൽ പ്രവേശിപ്പിച്ചത്.
ഒരാഴ്ച മുമ്പാണ് 15ാം വാർഡിൽ പ്രവേശിപ്പിച്ചത്. ഇതിനുശേഷം കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. സ്കാനിങ് നടത്തുന്നതിന് മുമ്പ് വീണ്ടും നടത്തിയ സ്രവ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വാർഡിലെത്തിയ ജീവനക്കാർ, സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചെന്നു പറഞ്ഞ് യുവതിയെ കോവിഡ് ബാധിതരുടെ വാർഡിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ഡോക്ടറെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് ആളു മാറിയതായി തിരിച്ചറിഞ്ഞത്. സംഭവം വിളിച്ചറിയിച്ചിട്ടും ആശുപത്രി അധികൃതർ ഗൗനിച്ചില്ലെന്നും ഇതിനെതിരെ കലക്ടർക്ക് പരാതി നൽകുമെന്നും മുനീർ പറഞ്ഞു.