ഗർഭിണി വൈദ്യുതാഘാതമേറ്റ് മരിച്ചു
text_fieldsഹരിപ്പാട്: വൈദ്യുതാഘാതമേറ്റ് ഗർഭിണിയായ യുവതി മരിച്ചു. പള്ളിപ്പാട് വെട്ടുവേനി രാഹുൽ ഭവനിൽ ഹരികുമാർ-മിനി ദമ്പ തികളുടെ മകൾ ഹരിത(23) ആണ് മരിച്ചത്. അപകടം നടന്ന ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. വീട്ടിലെ ഇരുമ്പ് അലമാര തുറക്കുന്നതിനിടയിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
വീട്ടിൽ പട്ടിക്കൂട് നിർമ്മിക്കുന്ന ജോലിയിലായിരുന്നു ഭർത്താവ് വിഷ്ണു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് വെൽഡിംങ് ജോലിക്ക് വീട്ടിൽ നിന്നും വൈദ്യുതി എടുത്തിരുന്ന വയർ ഇരുമ്പലമാരയിൽ തട്ടിയിരുന്നു. ഇതിൽ നിന്ന് വൈദ്യുതി ആഘാതമുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഹരിതയും വിഷ്ണുവും വിവാഹിതരായിട്ട് ഒന്നര വർഷം കഴിഞ്ഞു. ഒൻപത് മാസം ഗർഭിണിയായിരുന്നു ഹരിത. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനായി ഫയൽ എടുക്കാൻ അലമാര തുറന്നപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. രാഹുൽ സഹോദരനാണ്.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും.
