കിടപ്പാടം ജപ്തി: പ്രീത ഷാജി ചിതക്ക് മുകളിൽ നിരാഹാരം തുടങ്ങി
text_fieldsകളമശ്ശേരി: കിടപ്പാടം ജപ്തിയുമായി ബന്ധപ്പെട്ട നടപടികളിൽ പരിഹാരം വൈകുന്നതിനെ തുടർന്ന് കളമശ്ശേരി മാനാത്ത്പാടത്ത് പ്രീത ഷാജി വീണ്ടും സമരം ആരംഭിച്ചു. വീടിന് മുന്നിൽ ഒരുക്കിയ ചിതക്ക് മുകളിലാണ് നിരാഹാര സമരം. സർക്കാർ അഭിഭാഷകരും പൊലീസും ചേർന്ന് സമരസമിതി നേതാക്കൾക്ക് ജാമ്യം നൽകാതെ സമരത്തെ തകർക്കാൻ ശ്രമിക്കുകയാെണന്നാണ് ആരോപണം.
സുഹൃത്തിന് ജാമ്യംനിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്തതിെൻറ പേരിൽ 18.5 സെൻറ് ഭൂമിയും വീടും ജപ്തി ഭീഷണി നേരിട്ട പ്രീത ഷാജി 2018 ഫെബ്രുവരി 15നാണ് നിരാഹാരം തുടങ്ങുന്നത്. സ്ഥലം എം.എൽ.എ വി.കെ. ഇബ്രാഹിം കുഞ്ഞ് നിയമസഭയിൽ വിഷയം ഉന്നയിച്ചതനുസരിച്ച് മുഖ്യമന്ത്രി ഇടപെട്ട് ജപ്തി ചെയ്യില്ലെന്ന ജില്ല കലക്ടറുടെ ഉറപ്പിൽ 19 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ, സർക്കാർ ഉറപ്പ് മുഖവിലക്കെടുക്കാതെ കോടതിയിൽനിന്ന് വിധി നേടി ജൂലൈ ഒമ്പതിന് പൊലീസ് സർവസന്നാഹങ്ങളുമായെത്തി പ്രീതയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ ശ്രമിച്ചു.
സമരക്കാർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് ഇതിനെ നേരിട്ടത്. തുടർന്ന് കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ കേസെടുത്തു. സംരക്ഷണ സമിതി നേതാക്കളായ പി.ജെ. മാനുവൽ, വി.സി. ജെന്നി എന്നിവരുൾപ്പെടെ 14 പേർ റിമാൻഡിലാണ്. മൂന്ന് ആഴ്ചകൊണ്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കാൻ ഹൈകോടതി നിർദേശിച്ചെങ്കിലും ഒരു നീക്കവും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു.
സർക്കാർ അഭിഭാഷകനും പൊലീസും ഗൂഢാലോചന നടത്തി അറസ്റ്റിലായ നേതാക്കൾക്ക് ജാമ്യം നൽകാതെ സമരത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം മാനാത്ത് പാടത്തേക്കെന്ന പേരിൽ സമരം ശക്തമാക്കുകയും പ്രീതഷാജി മരണം വരെ നിരാഹാരം ആരംഭിച്ചതെന്നും നേതാക്കൾ പറഞ്ഞു.
ഐക്യദാർഢ്യ സമ്മേളനം പി.ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
