പ്രീ പ്രൈമറി അധ്യാപകർ സ്വതന്ത്ര സംഘടനക്ക് നീക്കം തുടങ്ങി
text_fieldsകാസർകോട്: സി.പി.എം, കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾക്കുള്ളിൽ പ്രീപ്രൈമറി അധ്യാപകരുടെ വിമതപക്ഷം രൂപപ്പെട്ടു. കെ.എസ്.ടി.എ, കെ.പി.എസ്.ടി.യു സംഘടനകളിൽ അംഗങ്ങളായ പ്രീ പ്രൈമറി അധ്യാപകരാണ് അവരുടെ അംഗീകാരവും ഹോണറേറിയവുമായും ബന്ധപ്പെട്ട പ്രശ്നത്തിൽ സ്വതന്ത്ര സംഘടന എന്ന ആശയത്തിലേക്ക് കടക്കുന്നത്.
ഇതിന്റെ ഭാഗമായി നവമാധ്യമ കൂട്ടായ്മയും ഭാരവാഹികളും എല്ലാ ജില്ലകളിലും രൂപപ്പെട്ടുകഴിഞ്ഞു. 2012ന് ശേഷമുള്ള ഗവൺമെൻറ് സ്കൂൾ പ്രീ പ്രൈമറി അധ്യാപകർക്ക് അംഗീകാരം നൽകണ്ടേതില്ലെന്ന് കഴിഞ്ഞയാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇവർക്ക് ഹോണറേറിയവും നിഷേധിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഹോണറേറിയവും ഇല്ലാതായി. ഈ പ്രശ്നം പരിഹരിക്കാനും സർക്കാറുമായി ചർച്ച ചെയ്യാനും കെ.എസ്.ടി.എ തായാറായിട്ടില്ല. പ്രതിപക്ഷത്തായതുകൊണ്ട് കെ.പി.എസ്.ടി.യു സമരം നടത്തുന്നുണ്ട്.
എൻ.ടി.ടി.സി കോഴ്സ് കഴിഞ്ഞ ഇവരെ പി.ടി.എ കമ്മിറ്റികളാണ് നിയമിക്കുന്നത്. 12,500 രൂപ ടീച്ചർമാർക്കും 6,500 രൂപ ആയമാർക്കും നൽകുന്നുണ്ട്. 2012നുശേഷം ഈ വിഭാഗത്തിൽ നിയമന നിരോധനം വന്നതോടെ ഈ കോഴ്സ് തന്നെ അപ്രസക്തമാവുകയാണെന്ന് ഇവർ പറയുന്നു. വേണമെങ്കിൽ പി.ടി.എക്ക് പ്രീപ്രൈമറി കോഴ്സ് ആരംഭിച്ച് സ്വന്തം ഫണ്ടിൽനിന്നും ശമ്പളം നൽകി ആളുകളെ നിയമിക്കാം.
സംസ്ഥാനത്ത് 4000ത്തിലേറെ അധ്യാപകരാണ് അംഗീകാരം ലഭിക്കാതെ പ്രീപ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കുന്നത്. 2000ത്തിൽപരം അധ്യാപകർക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്. മാതൃസംഘടനയായ കെ.എസ്.ടി.എയിൽ വിഷയം അവതരിപ്പിക്കുമ്പോൾ വേണ്ടത്ര പിന്തുണയില്ലെന്നും, സമരം സർക്കാർ വിരുദ്ധമായതിനാൽ സംഘടന വിഷയം ഏറ്റെടുക്കില്ലെന്നും പരാതിയുണ്ട്. സർക്കാറിനെതിരെ സമരം ചെയ്യാനാവില്ല എന്ന കെ.എസ്.ടി.എ നിലപാടുകാരണം, നേതാക്കൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്ന പരാതിയും പ്രീപ്രൈമറി അധ്യാപകർക്കുണ്ട്.
ഇതിനെ തുടർന്നാണ് കക്ഷിരാഷ്ട്രീയത്തിനതീതമായ സംഘടനക്കായി നീക്കം നടത്തുന്നത്. സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി, അംഗീകാരം ലഭിക്കാത്ത പ്രീ പ്രൈമറി ജീവനക്കാരും പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കളും വീട്ടിൽവെച്ച് പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

