വരുന്നൂ, പ്രീപെയ്ഡ് വൈദ്യുതി മീറ്റർ
text_fieldsമലപ്പുറം: മൊബൈൽ ഫോൺ പോലെ ഇനി വൈദ്യുതിയും റീചാർജ് ചെയ്ത് ഉപയോഗിക്കാം. വൈദ്യുതി ബില്ലറിയാൻ മീറ്റർ റീഡറെ കാത്തിരിക്കുകയോ പണമടക്കാൻ ബിൽകൗണ്ടറിന് മുന്നിൽ ക്യു നിൽക്കുകയോ വേണ്ട. മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പ്രീപെയ്ഡ് മീറ്ററുകൾ സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. ഇത് സംബന്ധിച്ച ടെൻഡർ നടപടികൾ ഉടൻ തുടങ്ങും. ആറ് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഡി.ടി.എച്ച് പോലെ കാർഡ് റീച്ചാർജ് ചെയ്ത് ഉപയോഗിക്കുന്ന മീറ്ററുകളും ഇൻബിൽറ്റ്് കാർഡ് സംവിധാനമുള്ള സ്മാർട്ട് മീറ്ററുകളും ബോർഡിെൻറ പരിഗണനയിലുണ്ട്. ഏത് വേണമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. സാേങ്കതികമായി മികവ് പുലർത്തുന്ന ഇൻബിൽഡ് കാർഡ് സംവിധാനം നടപ്പാക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
അക്കൗണ്ടിലെ പണം തീരുന്ന മുറക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന തരത്തിലാണ് മീറ്റർ ഒരുക്കുക. ദിവസേനയുള്ള ഉപഭോഗം, ബാലൻസ്, വാലിഡിറ്റി എന്നിവ എസ്.എം.എസ് മുഖേന ഉപഭോക്താവിനെ അറിയിക്കും.
എല്ലാ തരത്തിലുള്ള മൂല്യവർധിത സേവനങ്ങളും ലഭിക്കും. ഒാൺലൈനായി പണമടച്ച് ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയറുകൾ കെ.എസ്.ഇ.ബിയുടെ ടെക്നിക്കൽ സംഘമാണ് വികസിപ്പിക്കുക. കൺസ്യൂമർ നമ്പർ മുഖേനയാണ് റീചാർജ്. പ്രീപെയ്ഡ് വൈദ്യുതി മീറ്ററുകൾ ഏത് മേഖലയിലാണ് ആദ്യം നടപ്പാക്കുകയെന്ന കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കും. പുതിയ മീറ്ററുകൾക്ക് അപേക്ഷിക്കുന്നവർക്കും പഴയവ മാറ്റുന്നവർക്കും ഇത് നൽകാൻ ആലോചനയുണ്ട്.
ഒരു മീറ്റർ റീഡിങ് കാലയളവിൽ 500 യൂനിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവരെ പ്രീപെയ്ഡ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനും നിർദേശമുണ്ട്. റീഡിങ് സാധ്യമാകാതെ ഏറെനാൾ പൂട്ടിയിട്ട വീടുകളുള്ളവർക്ക് പുതിയ സംവിധാനം ആശ്വാസമാകും. ബില്ല് ലഭിക്കാത്തതിനാൽ പണമടക്കാനാകാതെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുന്ന സാഹചര്യവും ഇതോടെ ഒഴിവാകും.
പ്രീപെയ്ഡ് വൈദ്യുതി മീറ്ററുകൾ രംഗത്തെത്തുന്നതോടെ തങ്ങളുടെ ജോലിസുരക്ഷക്ക് ഭീഷണിയാകുമെന്ന ആശങ്കയിലാണ് കരാർ ജോലിക്കാർ. പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ പദ്ധതി നടപ്പാക്കും. ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
