ഭക്തിനിറവിൽ പി.ആർ.ഡി.എസ് ഘോഷയാത്ര
text_fieldsഇരവിപേരൂർ (പത്തനംതിട്ട): ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148 ാത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് നടത്തിയ ഭക്തി ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. നിശ്ചലദൃശ്യങ്ങളും, ചെണ്ടമേളം, തവിൽമേളം, പമ്പമേളം, ബാന്റ്മേളം തുടങ്ങിയ വാദ്യമേളങ്ങളും, വിവിധ ശാഖകളിൽ നിന്നുള്ള കലാപ്രകടനങ്ങളും ഭക്തിഘോഷയാത്രക്ക് മിഴിവേകി.
പാൽകടൽ പോലെ ശുഭ്രവസ്ത്രധാരികൾ ഒത്തുചേർന്ന ഘോഷയാത്ര സഭാ പ്രസിഡന്റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തിൽ താലപ്പൊലി ഏന്തിയ 148 ബാലികമാർ ഘോഷയാത്രയെ സ്വീകരിച്ച് വിശുദ്ധ മണ്ഡപത്തിലേക്ക് ആനയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്ക് വിശുദ്ധ മണ്ഡപത്തിൽ ഘോഷയാത്ര സ്വീകാര്യ പ്രാർഥന നടന്നു. തുടർന്ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. എം.പിമാരായ തിരുമാവളവൻ തമിഴ്നാട്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ആദിയർദീപം ജന്മദിന പതിപ്പ് പ്രകാശന കർമം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു.
അഡ്വ. മാത്യു.ടി തോമസ് എം.എൽ.എ, സംവിധായകൻ ഡോ. ബിജു, ഗുരുകുല ഉപശ്രേഷ്ഠൻ മണി മഞ്ചാടിക്കരി, സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സംവരണ സംരക്ഷണ സമിതി ചെയർമാൻ സണ്ണി. എം.കപിക്കാട്, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി ബിജിമോൾ, പി.ആർ.ഡി.എസ് ഹൈ കൗൺസിലംഗങ്ങളായ വി.ആർ. കുട്ടപ്പൻ, പി.എൻ. രഘുനാഥ്, ശ്രീ കുമാരഗുരുദേവ എജുക്കേഷണൽ ആൻഡ് ചാറ്റിറ്റബിൾ ട്രസ്റ്റ് അംഗം ഡോ. വി.കെ രാജു, ഡി.എസ്.എസ് കേരള ചെയർപേഴ്സൺ രേഷ്മാ കരിവേടകം എന്നിവർ സംസാരിച്ചു. സഭാ ജനറൽ സെക്രട്ടറി ടി.കെ. അനീഷ് സ്വാഗതവും ട്രഷറാർ ആർ.ആർ. വിശ്വകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ വിജയിച്ച സഭാംഗങ്ങളെ ആദരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. ചൊവ്വാഴ്ച ഉച്ചക്ക് നടക്കുന്ന ജന്മദിന സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

